| Saturday, 3rd December 2022, 12:29 am

'We are the dreamers, we make it happen'; അയാൾ ഹൃദയത്തിൽ നിന്ന് പാടി, ആ രാജ്യത്തെ കളിക്കാർ അത് അന്വർത്ഥമാക്കി; ചിത്രം പങ്കുവെച്ച് ഫിഫയും

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ അത്ഭുതങ്ങൾ കാട്ടി ദക്ഷിണ കൊറിയ പ്രീക്വാർട്ടർ കടന്നിരിക്കുകയാണ്. കരുത്തരായ പോർച്ചു​ഗലിനെ 2-1ന് തോൽപ്പിച്ചാണ് കൊറിയയുടെ മുന്നേറ്റം. ജയത്തോടെ മൂന്ന് മത്സരത്തിൽ നിന്ന് നാല് പോയിന്റുകൾ നേടിയ കൊറിയ ഗോൾ ശരാശരിയിൽ ഉറുഗ്വേയെ മറികടന്നാണ് നോക്കൗട്ടിൽ ഇടം പിടിച്ചത്.

ലോകത്തെ അമ്പരപ്പിച്ച് കൊണ്ട് കൊറിയൻ പടക്കുതിരകൾ വെച്ചടി മുന്നേറുമ്പോൾ ആ രാജ്യത്തെ തന്നെ പാട്ടുകാരന്റെ വരികളിലൂടെയാണ് ഈ ജയത്തെ ആരാധകർ ആഘോഷിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കൊറിയൻ പോപ്പ് താരവും ബി.ടി.എസ് ബാൻഡിലെ അംഗവുമായ ജങ്കൂക്ക് പാടിയ പാട്ടിലെ വരികളാണ് കൊറിയയുടെ ജയത്തോടൊപ്പം ഇപ്പോൾ തരം​ഗമാകുന്നത്.

Look who we are, we are the dreamers
We make it happen, ’cause we believe it
Look who we are, we are the dreamers
We make it happen ’cause we can see it

‘നോക്കൂ ഞങ്ങൾ ആരാണെന്ന്,

ഞങ്ങൾ സ്വപ്നം കാണുന്നവരാണ്,

ഞങ്ങൾ അത് യാഥാര്‍ത്ഥ്യമാക്കും,

കാരണം ഞങ്ങൾ അത് വിശ്വസിക്കുന്നുണ്ട്,

ആ സ്വപ്നത്തെ ഞങ്ങള്‍ കണ്‍മുന്നില്‍ കാണുന്നുണ്ട്’

ലോകപ്രശസ്ത ​ഗായകൻ അന്ന് ഹൃദയത്തിൽ നിന്ന് പാടിയ വരികൾ അന്വർത്ഥമാക്കുകയാണ് ആ രാജ്യത്തെ കളിക്കാർ. ദക്ഷിണ കൊറിയയുടെ ജയത്തോടെ ഫിഫയാണ് തങ്ങളുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിലൂടെ ആദ്യമായി ഈ വരികൾ ക്യാപ്ഷനായി നൽകി കൊറിയൻ താരങ്ങളുടെ ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

അതേസമയം പോർച്ചു​ഗൽ ​​ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് റൗണ്ട് ഓഫ് 16ൽ എത്തിയത്. 4-1-2-3 ഫോർമേഷനിൽ പോർച്ചുഗൽ ബൂട്ടണിഞ്ഞപ്പോൾ അതേ ഫോർമേഷനിൽ തന്നെയാണ് ദക്ഷിണ കൊറിയയും കളത്തിലിറങ്ങിയത്.

നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച പോർച്ചുഗൽ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. അഞ്ചാം മിനിട്ടിൽ ഡിയോഗോ ദലോട്ടിന്റെ പാസിൽ നിന്നും റിക്കാർഡോ ഹോർട്ടയാണ് പോർചുഗലിനായി ഗോൾ നേടിയത്.

17ാം മിനിട്ടിൽ ജിൻ സു കിം കൊറിയക്കായി ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 27ാം മിനിട്ടിൽ യങ് ​ഗ്വാൺ കിം നെയ്യിന്റെ ഗോളിൽ കൊറിയ സമനില പിടിക്കുകയായിരുന്നു. 35ാം മിനിട്ടിൽ ഡിയോഗോ ദലോട്ടിന് പോർച്ചുഗലിന് ലീഡ് നേടിക്കൊടുക്കാൻ അവസരം ലഭിച്ചെങ്കിലും കൊറിയൻ കീപ്പർ സിയൂങ് ​ഗ്യൂ കിം തടുത്തിട്ടു.

42ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബോക്‌സിനുള്ളിൽ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും റീബൗണ്ടിൽ നിന്നുമുള്ള താരത്തിന്റെ ഹെഡർ പുറത്തേക്കായി. ഇഞ്ചുറി ടൈമിൽ ഹീ ചാൻ ഹ്വാങ് നേടിയ ​ഗോളാണ് കൊറിയക്ക് ജയം നൽകിയത്.

Content Highlights: FIFA shares Jung Kook’s song lyrics with the post match pic of the winner South Korea

We use cookies to give you the best possible experience. Learn more