Sports News
തല ഫോര്‍ എ റീസണ്‍; ധോണിയെയും റൊണാള്‍ഡോയെയും ചേര്‍ത്തുവെച്ച് ഫിഫ, ഏറ്റെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 18, 03:25 pm
Tuesday, 18th June 2024, 8:55 pm

യൂറോ കപ്പിന്റെ ആവേശങ്ങള്‍ അല തല്ലുന്നതിനിടെ ഫിഫ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ പോസ്റ്ററാണ് എം.എസ്. ധോണി റെഫറന്‍സ് നല്‍കി ഫിഫ പങ്കുവെച്ചിരിക്കുന്നത്.

‘തല ഫോര്‍ എ റീസണ്‍ 7’ എന്ന ക്യാപ്ഷനോടെയാണ് ഫിഫ താരത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ വാക്കുകള്‍ ഏറ്റവുമധികം ചേര്‍ന്നുനില്‍ക്കുന്നതാകട്ടെ മുന്‍ ഇന്ത്യന്‍ നായന്‍ ധോണിയുടെ പേരിനോടും. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി ഓരോ തവണയും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ആരാധകര്‍ പറയുന്ന വാക്കുകളാണ് തല ഫോര്‍ എ റീസണ്‍ എന്നത്.

View this post on Instagram

A post shared by FIFA World Cup (@fifaworldcup)

 

സ്‌പോര്‍ട്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഏഴാം നമ്പര്‍ താരങ്ങളാണ് എം.എസ്. ധോണിയും ക്രിസ്റ്റ്യാനോയും. ഇരുവരുടെയും ജേഴ്‌സി നമ്പര്‍ ഉള്‍പ്പെടുത്തി പങ്കുവെച്ച പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ഇരു താരങ്ങളുടെ ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.

‘തല ഫോര്‍ എ റീസണല്ല, തല ഫോര്‍ എവരി റീസണ്‍’, ‘ മെറ്റവേഴ്‌സ് പോലെ ഇത് തല വേഴ്‌സ്’ ‘എല്ലായിടത്തും തലയുണ്ട്’ തുടങ്ങിയ ക്യാപ്ഷനുമായി ആരാധകര്‍ കമന്റ് ബോക്‌സ് കീഴടക്കുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സും കമന്റുമായി എത്തിയിട്ടുണ്ട്. R+O+N+A+L+D+O 7️⃣ is universal ♾️💛എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.

അതേസമയം, യൂറോ കപ്പില്‍ ചെക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് പോര്‍ച്ചുഗീസ് ലെജന്‍ഡ്. ലീപ്‌സീഗിലെ റെഡ് ബുള്‍ ആരിനയാണ് മത്സരത്തിന് വേദിയാകുന്നത്.

മത്സരത്തില്‍ ഒരു ചരിത്ര നേട്ടവും റൊണാള്‍ഡോയെ കാത്തിരിക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ഫ്രീ കിക്ക് ഗോള്‍ നേടാന്‍ സാധിച്ചാല്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് റൊണാള്‍ഡോ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കുക.

നിലവില്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റൈന്‍ ലെജന്‍ഡ് ലയണല്‍ മെസിയും റൊണാള്‍ഡോയും ഒപ്പത്തിനൊപ്പമാണ്. 11 ഫ്രീകിക്ക് ഗോളുകളാണ് ആണ് ഇരു താരങ്ങളും ദേശീയ ടീമിനായി നേടിയിട്ടുള്ളത്.

ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മെസി ആറാമതും റൊണാള്‍ഡോ ഏഴാമതുമാണ്. മെസി ഫ്രീകിക്കിലൂടെ 65 തവണ വലകുലുക്കിയപ്പോള്‍ 63 തവണയാണ് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ പന്ത് ഗോള്‍വര കടത്തിയത്.

ബാഴ്സലോണക്കൊപ്പം 60 ഫ്രീകിക്ക് ഗോളുകളും പി.എസ്.ജി, ഇന്റര്‍മയാമി എന്നീ ടീമുകള്‍ക്കൊപ്പം രണ്ടു വീതം ഫ്രീകിക്ക് ഗോളുകളുമാണ് മെസി നേടിയിട്ടുള്ളത്.

മറുഭാഗത്ത് റൊണാള്‍ഡോ റയല്‍ മാഡ്രിനായി 34 തവണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 13 തവണയും അല്‍ നസറിന് വേണ്ടി നാല് തവണയും യുവന്റസിനായി ഒരുതവണയും ഫ്രീകിക്കിലൂടെ ഗോള്‍ നേടി.

അതേസമയം യൂറോകപ്പിന് മുന്നോടിയായി അയര്‍ലന്‍ഡിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ കാഴ്ചവെച്ചത്. അടുത്തിടെ അവസാനിച്ച സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയും മികച്ച പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്.

 

Content highlight: FIFA shares Cristiano Ronaldo’s poster with MS Dhoni reference