| Saturday, 4th September 2021, 6:50 pm

വംശീയാധിക്ഷേപം; കര്‍ശന നടപടിയ്‌ക്കൊരുങ്ങി ഫിഫ

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഹംഗറിയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ഫിഫ. ബുഡാപെസ്റ്റിലെ പുസ്‌കാറ്റ്‌സ് അരീനയില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് ഹംഗറി ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്.

ഇംഗ്ലണ്ട് താരങ്ങളായ സ്റ്റെര്‍ലിംഗിനും ജൂഡ് ബെല്ലിംഗ്ഹാമിനും നേരെയാണ് ഹംഗറി ആരാധകരുടെ അതിരുവിട്ട പ്രവര്‍ത്തികള്‍ അരങ്ങേറിയത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്.

കിക്ക് ഓഫിന് മുന്‍പു തന്നെ ഹംഗറി ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ കൂക്കുവിളികളും വംശീയാധിക്ഷേപങ്ങളും തുടങ്ങിയിരുന്നു. കളര്‍ ഫ്‌ളെയറുകളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിന് 4-0ന് ജയിച്ചാണ് ഇംഗ്ലണ്ട് ഹംഗറി ആരാധകര്‍ക്ക് മറുപടി നല്‍കിയത്.

എന്നാല്‍ ഈ വിഷയത്തെ ഗൗരവമായി കാണാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. ‘ബുഡാപെസ്റ്റില്‍ നടന്ന ഹംഗറി-ഇംഗ്ലണ്ട് മത്സരത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും’ എന്നാണ് ഫിഫ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഹംഗറി ആരാധകര്‍ കളിയുടെ മാന്യത കളഞ്ഞു കുളിക്കുന്നത്. യൂറോ 2020ല്‍ ആരാധകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കാരണം യുവേഫ ഹംഗറിക്ക് ഒരു മാച്ച് സസ്‌പെന്‍ഷനും, അടുത്ത 3 കളികള്‍ ആരാധകരില്ലാതെ നടത്തണം എന്നും വിധിച്ചിരുന്നു. എന്നാല്‍ ഫിഫ നടത്തുന്ന മത്സരമായതിനാലാണ് ഈ വിലക്ക് ബാധകമാവാഞ്ഞത്.

ആരാധകരുടെ ഇത്തരം പ്രവര്‍ത്തികള്‍ ഫുട്‌ബോളില്‍ എക്കാലവും തുടര്‍ന്ന് വരുന്നതാണ്. എതിര്‍ ചേരിയിലെ കളിക്കാരനെ അവന്റെ നിറത്തിന്റെ പേരില്‍ മാനസികമായി തളര്‍ത്താന്‍ എന്നും ആരാധകര്‍ വംശീയാധിക്ഷേപങ്ങള്‍ നടത്തി വാരാറുണ്ട്. മരിയോ ബലോടെല്ലിയും ലുകാക്കുവുമൊക്കെ ഇത്തരത്തില്‍ പല തവണ ആരാധകരുടെ അധിക്ഷപങ്ങള്‍ കേട്ട് കണ്ണീരോടെ കളം വിട്ടിട്ടുണ്ട്.

ഫിഫ കളിക്കാര്‍ക്ക് നേരെയുള്ള ഇത്തരത്തിലുള്ള എല്ലാ അതിക്രമങ്ങളും എതിര്‍ക്കുന്ന, കളിക്കാരെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. അതിനാല്‍ ഈ വിഷയത്തിലും ഫിഫ കര്‍ശനമായ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  FIFA sets to take action against racist chants during a World Cup qualifier between Hungary and England.

We use cookies to give you the best possible experience. Learn more