തെഹ്‌റാന്‍: ഒക്ടോബര്‍ 10ന് നടക്കുന്ന ഇറാന്‍-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഇറാനിലേക്ക് ഫിഫ പ്രതിനിധി സംഘത്തെ അയക്കുന്നു. ഫ്രാന്‍സ് മുന്‍ താരവും ഫിഫ ഫൗണ്ടേഷന്‍ സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ട യൂറി യോര്‍ക്കെഫ് അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.
സ്ത്രീകളെ കളി കാണാനായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുമെന്ന് ഇറാന്‍ ഉറപ്പ് നല്‍കിയതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞിരുന്നു.
ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കയറാന്‍ ശ്രമിച്ചതിന് വിചാരണ നേരിട്ട സഹര്‍ ഖൊദൈരി എന്ന യുവതി കോടതിയ്ക്ക് പുറത്ത് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇറാനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിലക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പരിശോധക സംഘത്തെ ഫിഫ അയക്കുന്നത്.
ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കാണുന്നതിനായി ആഗസ്റ്റ് അവസാനത്തോടെ സ്ത്രീകള്‍ക്കുള്ള വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്ന് ഫിഫ ഇറാനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
1981 മുതല്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വിലക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പങ്കെടുത്ത മത്സരത്തിലാണ് ഈ വിലക്ക് താത്കാലികമായി നീക്കിയത്. എന്നാലിത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തര്‍ ആരോപിച്ചിരുന്നു. അതേസമയം വോളിബോള്‍ ഉള്‍പ്പെടെ മറ്റു മത്സരങ്ങള്‍ കാണുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ