ഖത്തറില്‍ അര്‍ജന്റീന ലോകചാമ്പ്യന്‍ഷിപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയെങ്കിലും അതിരുകടന്ന് വിജയമാഘോഷിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് താരത്തെ തേടിയെത്തിയിരുന്നത്.
ഫൈനലിലെ ജയത്തിന് ശേഷം എമി പലവിധേന എംബാപ്പെയെ പരിഹസിച്ചതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം.
തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം.
എമിലിയാനോ മാര്‍ട്ടിനെസിനെതിരെ പരാതി നല്‍കി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാര്‍ട്ടിനെസിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി വിഷയത്തിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നുമായിരുന്നു എഫ്.എഫ്.എഫ് അറിയിച്ചിരുന്നത്.
ലോകകപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ ഫിഫ എമിക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഫിഫ എമിയെ ശാസിച്ച് വിടുകയായിരുന്നെന്നും മറ്റ് ശിക്ഷകള്‍ നല്‍കിയിട്ടില്ലെന്നുമാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് എമിലിയാനോ മാര്‍ട്ടിനെസിനും ടീം അര്‍ജന്റീനക്കും ആശ്വാസം നല്‍കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് അര്‍ജന്റീന ഫിഫക്ക് ബിഡ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Fifa’s decision on Emiliano Martinez issue