ഇത് ആരാധകര്‍ കാത്തിരുന്നത്; ഖത്തര്‍ ലോകകപ്പ് നേരത്തെ നടത്താനൊരുങ്ങി ഫിഫ
2022 Qatar World Cup
ഇത് ആരാധകര്‍ കാത്തിരുന്നത്; ഖത്തര്‍ ലോകകപ്പ് നേരത്തെ നടത്താനൊരുങ്ങി ഫിഫ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th August 2022, 11:46 am

ഖത്തര്‍ ലോകകപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ച് ഫിഫ. നേരത്തെ തീരുമാനിച്ച ഷെഡ്യൂളില്‍ നിന്നും ഒരു ദിവസം മുമ്പ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ നവംബര്‍ 20ന് ഖത്തര്‍ ലോകകപ്പിന് കിക്ക് ഓഫ് ആകുമെന്നായിരുന്നു പ്രഖ്യാപനം. ഇത് പ്രകാരമുള്ള ഷെഡ്യൂളുകളും തീരുമാനിച്ചിരുന്നു. എന്നാല്‍ നവംബര്‍ 20ന് ലോകകപ്പിലെ ആദ്യ മത്സരം നടത്തണമെന്ന് ഫിഫയുടെ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് തന്നെ മാറ്റിവെക്കുന്നത്. ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിയാണ് ഫിഫ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

നവംബര്‍ 21ന് ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ സെനഗല്‍ – നെതര്‍ലന്‍ഡ്‌സ് മത്സരമായിരിക്കും ഖത്തര്‍ ലോകകപ്പില്‍ ആദ്യം നടക്കുക. രണ്ടാം മത്സരത്തില്‍ ഇറാന്‍ ഇംഗ്ലണ്ടിനെ നേരിടും.

‘ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍ നവംബര്‍ 20 ഞായറാഴ്ച ഇക്വഡോറിനെ നേരിടും,’ഫിഫ അറിയിച്ചു.

‘ഇന്ന് ഫിഫ കൗണ്‍സില്‍ ബ്യൂറോയുടെ ഏകകണ്ഠമായ തീരുമാനപ്രകാരം ഈ വര്‍ഷത്തെ ഉദ്ഘാടന ചടങ്ങുകളും ഉദ്ഘാടന മത്സരവും ഒരു ദിവസം നേരത്തെ നടക്കും. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും മത്സരം നടക്കുക,’ ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയും കോണ്ടിനെന്റല്‍ കോണ്‍ഫെഡറേഷന്റെ ആറ് തലവന്‍മാരും ഉള്‍പ്പെട്ടതാണ് ഫിഫ കൗണ്‍സില്‍ ബ്യൂറോ.

ഫിഫയുടെ തീരുമാനം സ്വാഗതം ചെയ്യുകയാണെന്നും ലോകകപ്പ് മികച്ച രീതിയില്‍ തന്നെ നടത്താന്‍ സഹകരിക്കുമെന്നും ഖത്തറും വ്യക്തമാക്കി.

ശതകോടികള്‍ മുടക്കിയാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തറും ഖത്തറിലെ ഫുട്‌ബോള്‍ ആരാധകരും.

ഏറെ പ്രത്യേകതയാണ് ഈ ലോകകപ്പിനുള്ളത്. ഫുട്‌ബോള്‍ ലെജന്‍ഡുകളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും അവസാന ലോകകപ്പായാണ് ഖത്തര്‍ ലോകകപ്പ് വിലയിരുത്തിപ്പോരുന്നത്.

ഗ്രൂപ്പ് എച്ചിലാണ് റൊണോയുടെ പോര്‍ച്ചുഗല്‍. മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന.

 

 

നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണ് ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പിലുള്ളത്.

ഖത്തര്‍ ലോകകപ്പ്: ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യു.എസ്.എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മനി
സ്പെയ്ന്‍
ജപ്പാന്‍
കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വായ്
ദക്ഷിണ കൊറിയ
ഘാന

 

Content Highlight: FIFA reschedules inaugural match of 2022 Qatar World Cup