FIFA Rankings
ഒന്നാമത് അര്‍ജന്റീന, മൂന്നാമതായി ബ്രസീല്‍, നാലാം സ്ഥാനത്ത് ഇംഗ്ലണ്ട്; പുതിയ റാങ്കിങ് ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 23, 02:28 pm
Saturday, 23rd September 2023, 7:58 pm

പുരുഷ ഫുട്‌ബോള്‍ ടീമുകളുടെ സെപ്റ്റംബര്‍ മാസത്തെ റാങ്കിങ് ഫിഫ പുറത്തുവിട്ടു. 2024 യൂറോ കപ്പ്, 2023 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍ (CONCACAF), ലോകകപ്പ് തുടങ്ങിയ ബിഗ് ഇവന്റുകളുടെ യോഗ്യതാ മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഫിഫ പുതുക്കിയ റാങ്ക് പട്ടിക പുറത്തുവിട്ടത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ഇന്റര്‍നാഷണല്‍ മാച്ചുകളും കണക്കിലെടുത്താണ് ഫിഫ പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ടീമുകളുടെ ജയപരാജയങ്ങള്‍, എതിരാളികളുടെ ശക്തി, കളിക്കുന്ന മത്സരത്തിന്റെ പ്രാധാന്യം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ടീമുകള്‍ക്കുള്ള പോയിന്റുകള്‍ നല്‍കിയിരിക്കുന്നത്.

നിലവിലെ ഫിഫ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് പട്ടികയില്‍ ഒന്നാമത്. 1851.41 പോയിന്റോടെയാണ് ആല്‍ബിസെലസ്റ്റ്‌സ് ഒന്നാമതെത്തിയിരിക്കുന്നത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ രണ്ട് വിജയങ്ങളാണ് അര്‍ജന്റീനയുടെ പോയിന്റ് നില മെച്ചപ്പെടുത്താന്‍ സഹായിച്ചത്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ അര്‍ജന്റീന ബൊളിവീയയെ 3-0ന് പരാജയപ്പെടുത്തുകയും 7.68 റേറ്റിങ് സ്വന്തമാക്കുകയും ചെയ്തു.

2.78 റേറ്റിങ് നഷ്ടപ്പെടുത്തി ഫ്രാന്‍സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. സൗഹൃദ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വിജയിച്ചെങ്കിലും ജര്‍മനിക്കെതിരെ 2-1ന്റെ തോല്‍വിയേറ്റുവാങ്ങിയതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്.

ലോകകപ്പ് ക്വാളിഫയറിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ 9.34 പോയിന്റ് കൂട്ടിച്ചേര്‍ത്താണ് ബ്രസീല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്. റാങ്കിങ്ങില്‍ മാറ്റമുണ്ടായില്ലെങ്കിലും രണ്ടാമതുള്ള ഫ്രാന്‍സുമായുള്ള പോയിന്റ് ഡിഫ്രന്‍സ് കുറയ്ക്കാന്‍ സാധിച്ചു എന്നതാണ് ബ്രസീലിന്റെ നേട്ടം. നിലവില്‍ 3.15 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ബ്രസീലും ഫ്രാന്‍സും തമ്മിലുള്ളത്.

ലോകകപ്പ് ക്വാളിഫയറില്‍ പെറുവിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ബ്രസീല്‍ ബൊളിവിയയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് തകര്‍ത്തുവിട്ടത്.

 

ഇംഗ്ലണ്ട് (1794.34) ബെല്‍ജിയം എന്നിവരാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ മാസത്തെ ഫിഫ റാങ്കിങ്

1. അര്‍ജന്റീന – 1851.41 പോയിന്റ്

2. ഫ്രാന്‍സ് – 1840.76 പോയിന്റ്

3. ബ്രസീല്‍ – 1837.61 പോയിന്റ്

4. ഇംഗ്ലണ്ട് – 1794.34 പോയിന്റ്

5. ബെല്‍ജിയം – 1792.64 പോയിന്റ്

6. ക്രൊയേഷ്യ – 1747.83 പോയിന്റ്

7. നെതര്‍ലന്‍ഡ്‌സ് – 1743.15 പോയിന്റ്

8. പോര്‍ച്ചുഗല്‍ – 1728.58 പോയിന്റ്

9. ഇറ്റലി – 1727.37 പോയിന്റ്

10. സ്‌പെയ്ന്‍ – 1710.72 പോയിന്റ്

അതേസമയം, 1204.88 പോയിന്റോടെ 102ാം സ്ഥാനത്താണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. 1605.20 റേറ്റിങ്ങുമായി 19ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യന്‍ ടീമുകള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

 

Content Highlight: FIFA released the ranking of football teams for the month of September.