ന്യൂദല്‍ഹി: ഫിഫ റാങ്കിങില്‍ ഇന്ത്യ 168ാം സ്ഥാനത്തെത്തിയത് നാണക്കേടാണെന്ന് ഇന്ത്യന്‍ ടീമിന്റെ സാങ്കേതിക വിദഗ്ധന്‍ റോബ് ബാന്‍. കളിയുടെ സമഗ്ര മേഖലകളിലും പഴുതുകളടച്ച് മുന്നേറിയെങ്കില്‍ മാത്രമെ ഇന്ത്യന്‍ ടീമിന് രക്ഷപ്പെടാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മിഷന്‍ റാങ്ക് 100 യാഥാര്‍ത്ഥ്യമോ? എന്ന വിഷയത്തില്‍ ഫിക്കി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഫാ റാങ്കിങില്‍ മെച്ചപ്പെടണമെങ്കില്‍ രാജ്യത്ത് ഫുട്‌ബോളിനാവശ്യമായ ഭൗതിക സാഹചര്യം മെച്ചപ്പെടേണ്ടതുണ്ടെന്നും ബാന്‍ കൂട്ടിച്ചേര്‍ത്തു.[]
കേവലം 60,000 ജനസംഖ്യയുള്ള ഐസ്‌ലാന്റ് 60ാം റാങ്കിലെത്തുന്ന സമയത്ത് നമ്മള്‍ 168ലേക്കു പതിക്കുകയെന്നത് തീര്‍ത്തും നിരാശ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ ടീമിന്റെ സാങ്കേതിക വിദഗ്ധനായി ചുമതലയേറ്റ ശേഷം ടീമിനെതിരെ ബാന്‍ നടത്തുന്ന ഏറ്റവും വലിയ വിമര്‍ശനമാണിത്. 2018 ഓടെ ഇന്ത്യ 100ാം റാങ്കിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനായി യുവ കളിക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കോച്ചുമാരെ ബോധവത്കരിക്കുകയും വേണമെന്നും റോബ് ബാന്‍ വ്യക്തമാക്കി.