ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2022 നായി ഖത്തര്‍ ഒരുക്കുന്ന സ്റ്റേഡിയം കണ്ട് അമ്പരന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ. വേള്‍ഡ് കപ്പിനായി ഒരുക്കിയ അല്‍ ബയ്ത് സ്റ്റേഡിയം കണ്ട തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് ഫിഫ പ്രസിഡന്റ് പ്രതികരിച്ചത്.
പരമ്പരാഗതമായ അറബ് കൂടാരത്തിന് സമാനമായി രൂപകല്‍പ്പന ചെയ്ത സ്റ്റേഡിയത്തില്‍ 60000 പേരെ ഉള്‍ക്കൊള്ളാനാവും.
‘അല്‍ ബെയ്ത് സ്റ്റേഡിയം അവിശ്വസനീയമാണ്. ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ സ്‌റ്റേഡിയം. മികച്ച ഫുട്‌ബോള്‍ ഫീല്‍ നല്‍കുന്ന സ്റ്റേഡിയത്തിന് ഒരു പ്രാദേശിക സ്പര്‍ശവുമുണ്ട്. കൂടാരത്തിന്റേതു പോലുള്ള ആകൃതി ഇതിനെ അതുല്യമാക്കുന്നു. മേല്‍ക്കൂരയിലെ അറബിക് പാറ്റേണുകള്‍ മനോഹരമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ ഫിഫ പ്രസിഡന്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒപ്പം കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഖത്തറിന് ഇത്ര വലിയ മുന്നേറ്റം നേടാനായതിനെയും ഇദ്ദേഹം പ്രശംസിച്ചു.
‘ ലോകം നിശ്ചലമായി നിന്ന കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ മുതല്‍ സര്‍ക്കാരിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പോലുള്ള സുപ്രധാന കാര്യങ്ങളില്‍ ഖത്തറിന് മുന്നേറാന്‍ കഴിഞ്ഞു. ടൂര്‍ണമെന്റിനു മുന്നോടിയായി ഖത്തര്‍ നടത്തിയ ഈ മുന്നേറ്റത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്,’ ജിയാനി ഇന്‍ഫാന്റിയോ പറഞ്ഞു. നിലവില്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ സ്റ്റേഡിയം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക