| Saturday, 19th November 2022, 4:02 pm

ചെയ്തുകൂട്ടിയതിന് യൂറോപ്പുകാര്‍ അടുത്ത 3000 വര്‍ഷത്തേക്കെങ്കിലും മാപ്പ് പറയണം, എന്നിട്ടാവാം ഖത്തറിനെ ഉപദേശിക്കല്‍: ഫിഫ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് വേദിയായ ഖത്തറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ(Gianni Infantino).

ലോകകപ്പിന് ഒരു നാള്‍ മാത്രം ശേഷിക്കേ പാശ്ചാത്യമാധ്യമങ്ങളടക്കമുള്ളവര്‍ ഖത്തറിനെതിരെ നല്‍കുന്ന വാര്‍ത്തകളും വിമര്‍ശനങ്ങളും ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞതാണെന്നാണ് ഇന്‍ഫെന്റിനോ പറഞ്ഞത്.

ലോകകപ്പിന് മുന്നോടിയായി ദോഹയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്‍ഫെന്റിനോ.

‘ഈ വണ്‍ സൈഡഡ് ആയ സാരോപദേശം  ഹിപ്പോക്രസിയാണ്. വെറും ഇരട്ടത്താപ്പ്. ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് വലിയ ഉപദേശമൊന്നും തരണമെന്ന് എനിക്കില്ല. പക്ഷെ നൂറ് ശതമാനവും അനീതിയാണ് ഈ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 3000 വര്‍ഷം കൊണ്ട് നമ്മള്‍ യൂറോപ്പുകാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷത്തേക്കെങ്കിലും മാപ്പ് പറയണം. എന്നിട്ടേ മറ്റുള്ളവര്‍ക്ക് സാരോപദേശം കൊടുക്കാന്‍ നമ്മള്‍ ഇറങ്ങാന്‍ പാടുള്ളു,’ ഇന്‍ഫെന്റിനോ പറഞ്ഞു.

അതേസമയം എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്കും  പ്രവാസി തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘ഖത്താരിയുടെയും അറബിയുടെയും ആഫ്രിക്കക്കാരുടെയും സ്വവര്‍ഗാനുരാഗിയുടെയും ഭിന്നശേഷിക്കാരുടെയും പ്രവാസി തൊഴിലാളിയുടെയുമെല്ലാം വികാരത്തെ കൂടി ഞാന്‍ മനസിലാക്കുന്നുണ്ട്,’ ഇന്‍ഫെന്റോ പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമായി തന്നെ കണക്കാക്കുന്ന ഖത്തറിലെ നിയമവ്യവസ്ഥക്കെതിരെ ഖത്തറില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ലോകകപ്പിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടന്ന നിരവധിയായ മനുഷ്യാവകാശ ലംഘനങ്ങളെയും തൊഴില്‍ ചൂഷണങ്ങളെയും കുറിച്ച് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ യൂറോപ്യന്‍ ടീമുകളും പാശ്ചാത്യമാധ്യമങ്ങളും ഖത്തറിനെതിരെ വ്യാജ വാര്‍ത്തകളടക്കം നല്‍കികൊണ്ട് നടത്തുന്ന ക്യാമ്പെയ്നിന് പിന്നില്‍ മുസ്‌ലിം വിരോധവും വംശീയതയുമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഉദ്യോഗസ്ഥരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

Content Highlight: FIFA president against Europe for Qatar criticism

We use cookies to give you the best possible experience. Learn more