കൊച്ചി: മലയാളികളുടെ തിരുവോണാഘോഷത്തിന് മാറ്റുകൂട്ടി ഫിഫയും. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസയോടൊപ്പം ലോകകപ്പ് ഭാഗ്യചിഹ്നമായ “ഖെലിയോ” എന്ന മേഘപ്പുലിക്കുട്ടിയെ വെള്ളമുണ്ടുടുപ്പിച്ച് ലോകകപ്പ് ലോഗോയ്ക്കു മുന്നില്‍ നിര്‍ത്തിയാണ് ഫിഫയുടെ ആശംസ.
പൂക്കളത്തെക്കുറിച്ചും മലയാളികളുടെ സ്വന്തം മുണ്ടിനെക്കുറിച്ചും ഒരു ചെറുകുറിപ്പോടെയാണ് ഫിഫ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന വേദികളിലൊന്നായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ചിത്രമാണ് സംഘാടകര്‍ പങ്കുവെച്ചിരിക്കുന്നത്.
ഒക്ടോബര്‍ 6 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, മാര്‍ഗോ, ഗുവാഹത്തി എന്നിവയാണ് കൊച്ചിയ്ക്ക് പുറമെ ലോകകപ്പിന് ആതിഥ്യമരുളുന്നത്.
ഒക്ടോബര്‍ 7 ന് ബ്രസീല്‍- സ്‌പെയിന്‍ പോരാട്ടമാണ് കൊച്ചിയിലെ ആദ്യ മത്സരം. ഗ്രൂപ്പ് പോരാട്ടങ്ങളില്‍ നാലുമത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.