| Friday, 1st July 2022, 11:33 am

ഫിഫ കനിഞ്ഞു; പാകിസ്ഥാന് ബമ്പറടിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് (പി.എഫ്.എഫ്) മേല്‍ ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഫിഫ. വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം ഫിഫ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചത്.

മൂന്നാം കക്ഷി ഇടപെടലിന് (അണ്‍ഡ്യൂ തേര്‍ഡ് പാര്‍ട്ടി ഇന്റര്‍ഫിയറന്‍സ്) പിന്നാലെയാണ് പി.എഫ്.എപിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്.

2021ല്‍ ഫിഫ ഏര്‍പ്പെടുത്തിയ നോര്‍മലൈസേഷന്‍ കമ്മിറ്റിയുമായി നടന്ന തര്‍ക്കമാണ് പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

2018ല്‍ അഷ്ഫാഖ് ഹുസൈന്‍ ഷായെ പി.എഫ്.എഫ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഫിഫ തയ്യാറാവാതെ വന്നതോടെ ഹുസൈന്‍ ഷാ നോര്‍മലൈസേഷന്‍ കമ്മിറ്റിയെ ആസ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ഫിഫ കടുത്ത നടപടികളിലേക്ക് കടന്നത്.

ഈ സസ്‌പെന്‍ഷനാണ് ഫിഫ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

നോര്‍മലൈസേഷന്‍ കമ്മിറ്റി പി.എഫ്.എഫിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നും ഫെഡറേഷന്റെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥയിലാണെന്നും തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാനെതിരെയുള്ള നടപടിയില്‍ നിന്നും പിന്‍മാറിയതെന്ന് ഫിഫ അറിയിച്ചു.

നോര്‍മലൈസേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ അവരുടെ കാര്യങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തിയാലോ പി.എഫ്.എഫിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരിക്കുന്നത്.

Content highlight: FIFA Lifts Ban On Pakistan Football Federation

Latest Stories

We use cookies to give you the best possible experience. Learn more