| Monday, 12th December 2022, 1:46 pm

ആരാധകരേ ശാന്തരാകൂ; ഖത്തറിന്റെ മണ്ണിൽ ഇതിഹാസങ്ങളായ കക്ക, കഫു, ദ്രോഗ്ബ, റോബർട്ടോ കാർലോസ് അടക്കം കളിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഖത്തർ ആരാധകർക്കായി ഒരുക്കിയ വിസ്മയങ്ങൾ അവസാനിക്കുന്നില്ല.

ഒരു കാലത്ത് മൈതാനങ്ങളിൽ തീ പടർത്തിയിരുന്ന സൂപ്പർ താരങ്ങൾ ഖത്തറിന്റെ മണ്ണിൽ വീണ്ടും മത്സരിക്കാനിറങ്ങുകയാണ്. ഡിസംബർ 15,16 തീയതികളിലായാണ് പഴയകാല ഇതിഹാസ താരങ്ങൾ തങ്ങളുടെ പോരാട്ടവീര്യം ഒരിക്കൽ കൂടി ആരാധകർക്ക് മുമ്പിൽ കാഴ്ചവെക്കുന്നത്.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് മത്സരങ്ങൾ നടക്കുക. ഖലീഫ ഇന്റർനാഷണൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലെ സെന്റർ കോർട്ടിലാണ് മത്സരങ്ങൾക്കുള്ള വേദി.

കക്ക, ദിദിയർ ദ്രോഗ്ബ, കഫു, റോബർട്ടോ കാർലോസ്, ഐകർ കസിയസ്, കാൾസ് പുയോൾ, ഫ്രാൻസിസ്‌കോ ടോട്ടി, ജോൺ ടെറി മുതലായ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങളാണ് ദോഹയുടെ മണ്ണിൽ ഫുട്ബോൾ ആരാധകർക്ക് വിരുന്നൊരുക്കുന്നത്.

‘ഫിഫ ലെജൻഡ്സ് കപ്പ്‌’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതമാണ് മത്സരിക്കുക.മൊത്തം എട്ട് ടീമുകൾ ഇരു ഗ്രൂപ്പുകളിലുമായി ഉണ്ടാകും. മൊത്തം 30 മിനിട്ടാണ് മത്സരം നടക്കുക. 15 മിനിട്ട് വീതം രണ്ട് പകുതികളിലായിട്ട് കളി നടക്കും.
രണ്ട് ദിവസങ്ങളിലായി മൊത്തം 18 മത്സരങ്ങളാണ് ലെജൻഡ്സ് കപ്പിൽ ഉണ്ടാകുക.

15ന് തുടങ്ങുന്ന ടൂർണമെന്റിലെ ആദ്യ ദിവസം ഉദ്ഘാടന മത്സരം അടക്കം മൊത്തം 12 മത്സരങ്ങൾ നടക്കുമ്പോൾ, രണ്ടാം ദിവസമായ 16ന് ആറ് മത്സരങ്ങളാണ് നടക്കുക. ഒരു ടീം ഗ്രൂപ്പ്‌ ഘട്ടത്തിൽ മൊത്തം മൂന്ന് കളികളാണ് കളിക്കുക. ഗ്രൂപ്പ്‌ ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സെമി ഫൈനൽ യോഗ്യത കരസ്ഥമാക്കും.

16ന് വൈകിട്ട് ആറ് മണിക്കാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം നാല് മണി വരെ നടക്കുന്ന മത്സരങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

എന്നാൽ പരിമിതമായ സീറ്റുകളിലെ ടിക്കറ്റ് നേരത്തെ ബുക്ക്‌ ചെയ്‌താൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കൂ. ഫിഫ ലെജൻഡ്സ് കപ്പ്‌ എന്ന് സെർച്ച്‌ ചെയ്ത് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ സാധിക്കും. കൂടാതെ ഫിഫ പ്ലസ്സിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.

Content Highlights: fifa legends cup; Legends like Kaka, Cafu, Drogba and Roberto Carlos will play on Qatar soil

We use cookies to give you the best possible experience. Learn more