നിങ്ങളിത് കാണുക; പുള്ളാവൂരിലെ 'മെസിക്കും റോണോക്കും നെയ്മറിനും' ഫിഫയുടെ അംഗീകാരം
Sports News
നിങ്ങളിത് കാണുക; പുള്ളാവൂരിലെ 'മെസിക്കും റോണോക്കും നെയ്മറിനും' ഫിഫയുടെ അംഗീകാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th November 2022, 4:47 pm

മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കൂറ്റന്‍ കട്ടൗട്ടുകളാല്‍ വൈറലായി മാറിയ കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയെ ഏറ്റെടുത്ത് ഫിഫയും(International Federation of Association Football). തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പുള്ളാവൂരിലെ വൈറല്‍ കട്ടൗട്ടുകളുടെ ചിത്രം ഫിഫ പങ്കുവെച്ചു.

‘ലോകകപ്പിന്റെ ചൂട് കേരളത്തെ പിടിച്ചുലച്ചു. ലോകകപ്പ് ടൂര്‍ണമെന്റിന് മുന്നോടിയായി ഒരു പ്രാദേശിക നദിയില്‍ നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നപ്പോള്‍.

ഖത്തര്‍ ലോകകപ്പിന് ഇനി 12 നാള്‍,’ എന്ന് എഴുതിയാണ് മെസിയുടെയും നെയ്മറിന്റെയും റോണോയുടെയും കട്ടൗട്ടുകളുടെ ചിത്രം ഫിഫ പങ്കുവെച്ചത്.

നിരവധി ആരാധകരാണ് ഈ ട്വീറ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സംഭവം ഫിഫ വരെ എത്തിയ ആരാധകരുടെ സന്തോഷ പ്രകടനങ്ങളാണ് കമന്റുകളില്‍ കാണാനാകുന്നത്. കേരളത്തിലെ ഫുട്‌ബോള്‍- ഫാന്‍ ഫേജുകളും ഇത് ആഘോഷമാക്കുന്നുണ്ട്.

മെസിയുടെയും നെയ്മറിന്റെയും ഭീമന്‍ കട്ടൗട്ടുകളാണ് പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചിരുന്നത്. പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റോണാള്‍ഡോയെത്തിയിരുന്നത്.

അതിനിടയില്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന പരാതി നല്‍കിയിരുന്നു.
പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടയുന്നു എന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ കട്ടൗട്ട് നീക്കാനാകില്ലെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൊടുവള്ളി നഗര സഭയും തീരുമാനമെടുക്കുകയായിരുന്നു.

വിഷയത്തില്‍ സ്ഥലം എം.എല്‍.എ അഡ്വ: പി.ടി.എ റഹീം എം.എല്‍.എയും കളിയാരാധകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ‘മൂന്നാമനും ഇറങ്ങി, നമ്മുടെ പുള്ളാവൂര്‍. മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്,’ എന്നാണ് കട്ടൗട്ടുകളുടെയും ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച്
പി.ടി.എ റഹീം എഴുതിയിരുന്നത്.