ഖത്തർ ലോകകപ്പിലെ മോശം പ്രകടനത്തിലും വിമർശങ്ങൾക്കും പിറകെ ജർമൻ ഫുട്ബോൾ ടീമിന് വൻ തുക പിഴ ഈടാക്കി ഫിഫ. സ്പെയിനിനോടുള്ള മത്സരത്തിന് മുമ്പ് നടത്തിയ പ്രസ്സ് കോൺഫറൻസിൽ ടീം മാനേജർ ഹാൻസി ഫ്ളിക്കിനൊപ്പം ഒരു പ്രധാന കളിക്കാരനെ കൂടി ഹാജരാക്കാൻ ജർമൻ ടീം തയാറാകാതിരുന്നതോടെയാണ് ഫിഫ ജർമൻ ഫുട്ബോൾ അസോസിയേഷനെതിരെ നടപടിക്ക് മുതിർന്നത്. 8800 പൗണ്ടാണ് ( എട്ടര ലക്ഷം രൂപ) ജർമൻ ഫുട്ബോൾ അസോസിയേഷന് ഫിഫ പിഴ ചുമത്തിയത്.
പ്രസ് കോൺഫറൻസിൽ കോച്ചിനൊപ്പം ഒരു പ്ലെയർ കൂടി ഉണ്ടാകണം എന്നാണ് ഫിഫയുടെ നിയമം. എന്നാൽ തന്റെ കളിക്കാർക്ക് ട്രെയിനിങ്ങിന് ധാരാളം സമയം ആവശ്യമാണെന്നും കളിക്കാരുടെ മൂന്ന് മണിക്കൂറോളം സമയം വെറുതെ പാഴാക്കി കളയാൻ സാധിക്കില്ല എന്നുമായിരുന്നു വിവാദത്തെ കുറിച്ച് ഹാൻസി ഫ്ളിക്ക് പ്രതികരിച്ചത്.
സ്പെയ്നിനോടുള്ള നിർണായകമായ മത്സരത്തിൽ ജർമനി സമനില നേടിയിരുന്നു. ഗ്രൂപ്പ് ഇ യിലെ നാലാം സ്ഥാനക്കാരായ ജർമനിക്ക് ഡിസംബർ 2ന് കോസ്റ്ററിക്കയുമായുള്ള മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞാലേ ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കൂ. ജർമനി കോസ്റ്ററിക്കയോട് ജയിക്കുകയും, ജപ്പാൻ-സ്പെയിൻ മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്‌താൽ ഇരു ടീമിനും നാല് പോയിന്റ് വീതം ലഭിക്കുകയും മികച്ച ഗോൾ വ്യത്യാസമുള്ള ടീം പ്രീ ക്വാർട്ടർ കടക്കുകയും ചെയ്യും.
വൺലവ് ആംബാൻഡ് ധരിക്കുന്നതിലെ വിലക്കിൽ ഫിഫയോടുള്ള പ്രതിഷേധസൂചകമായി വായ മൂടികെട്ടി ഫോട്ടോയ്ക്ക്പോസ്ചെയ്തുകൊണ്ട് ജർമൻഫുട്ബോൾടീം വിവാദത്തിലായിരുന്നു.
Content Highlights: fifa fine german football assocociation after they failed to sent a player in press conference