ഫുട്ബോൾ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നെങ്കിലും ഫിഫ ഖത്തറിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. ഖത്തർ ലോകകപ്പിലൂടെ മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് ഫിഫ മുൻകൂട്ടി കണ്ടിരുന്നു.
സമീപകാല വേൾഡ് കപ്പ് ടൂർണമെന്റുകളിൽ ഫിഫക്ക് ഏറ്റവും കൂടുതൽ നേട്ടമാകുന്നത് ഇത്തവണത്തെ ലോകകപ്പാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പ്രതീക്ഷിച്ചതിൽ നിന്നും 20 ശതമാനം അധിക വരുമാനം ഫിഫക്ക് കൂടുതൽ ലഭിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ നിന്ന് ഫിഫക്ക് ലാഭമായി മാത്രം ലഭിച്ചത് മുപ്പതിനായിരം കോടി രൂപയാണ്. ആതിഥേയ രാഷ്ട്രത്തിനുള്ള പണം, പ്രൈസ് മണി, യാത്ര താമസ സൗകര്യങ്ങൾ, സപ്പോർട്ട് സ്റ്റാഫിനും ഫിഫ സ്റ്റാഫിനുമുള്ള സൗകര്യങ്ങൾ എല്ലാം ഒരുക്കിയ ചെലവുകൾ കഴിഞ്ഞാണ് ഇത്രയും വരുമാനം ലഭിച്ചത്.
ഫിഫക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് ലോകകപ്പ് ടെലിവിഷൻ സംപ്രേക്ഷണ അവകാശം വിൽക്കുന്നതിലൂടെയാണ്. ടി.വി റൈറ്റ്‌സ് വിൽക്കുമ്പോൾ മൊത്തം വരുമാനത്തിന്റെ 75 ശതമാനത്തിൽ കൂടുതൽ ലാഭമുണ്ടാകും. സ്‌പോൺസർമാരിൽ നിന്ന് ലഭിക്കുന്ന തുകയാണ് മറ്റ് വരുമാന മാർഗം.
ആഗോളതലത്തിൽ മാർക്കറ്റുള്ള കമ്പനികൾ ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലാൻ പറ്റുന്ന ഏറ്റവും വലിയ അവസരമായിട്ടാണ് ലോകകപ്പ് ഫുട്‌ബോളിനെ കാണുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മുക്കിലും മൂലയിലും ഫുട്‌ബോൾ ലോകകപ്പ് ചർച്ചയാകുന്നത് ബ്രാൻഡുകളെ സംബന്ധിച്ച് വലിയ ചാകരയാണ്. ഇന്ത്യയിൽ നിന്ന് ഇത്തവണ ബൈജൂസ് ലോകകപ്പ് സ്‌പോൺസറായതും കോടികൾ ചെലവഴിച്ചാണ്.
ടിക്കറ്റ് വിൽപനയിൽ നിന്നും ഫിഫക്ക് വലിയ വരുമാനം ലഭിക്കും. ലോകകപ്പിൽ ചെറിയ ടീമുകളുടെ കളികളുടെ ടിക്കറ്റിന് പോലും വലിയ ഡിമാൻഡാണ്.
ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പക്ഷേ ആതിഥേയ രാജ്യത്തിനും അവകാശപ്പെട്ടതാണ്. കഴിഞ്ഞവർഷം നടത്തിയ അറബ് കപ്പിലെ ടിക്കറ്റ് വരുമാനം മാത്രം 97 കോടി രൂപയിൽ അധികം വരും.
ഇത്തവണ ഖത്തറിൽ നിന്നുള്ള ടിക്കറ്റ് വരുമാനം സർവകാല റെക്കാർഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക്കൽ സ്‌പോൺസർമാർ, ഫിഫ ഗെയിംസ്, വിവിധ ലോകകപ്പ് ഉത്പന്നങ്ങൾ എന്നിവയുടെ വിൽപനയിലൂടെയും ഫിഫയിലേക്ക് കോടികൾ ലഭിക്കും. ഈ പണമെല്ലാം അംഗരാജ്യങ്ങളിൽ ഫുട്‌ബോൾ മെച്ചപ്പെടുത്താനാണ് ഫിഫ ചെലവഴിക്കുന്നത്.
അതേസമയം ഖത്തര്‍ ലോകകപ്പിന്റെ പ്രാരംഭ ചെലവ് 220 ബില്ല്യണ്‍ ഡോളറാണ്. 48 ബില്ല്യണ്‍ ഡോളര്‍ മുതൽ മുടക്കിൽ പുതിയ 12 എസി സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പിന് വേണ്ടി മാത്രം പണികഴിപ്പിച്ചത്. താരങ്ങള്‍ക്കും ആരാധകര്‍ക്കുമായുള്ള സൗകര്യങ്ങളൊരുക്കാന്‍ 77 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചു.
ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 50 ബില്ല്യണ്‍ ഡോളര്‍ ചെലവാക്കിയ ഖത്തര്‍ 45 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ ലുസായ് സിറ്റി എന്ന ഒരു പുതിയ പട്ടണവും പടുത്തുയര്‍ത്തി.
ഇത് ലോകകപ്പിനു വേണ്ട സൗകര്യങ്ങള്‍ക്കായി മാത്രം ഖത്തര്‍ ചെലവഴിച്ച തുകയാണ്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിന്റെ പ്രാഥമിക ചെലവിനെക്കാള്‍ 19 ഇരട്ടിയാണ് ഈ തുക. 2014ല്‍ ബ്രസീല്‍ ആതിഥ്യം വഹിച്ച ലോകകപ്പിലെ പ്രാഥമിക ചെലവുകളെക്കാള്‍ 14.6 ഇരട്ടിയും 2010ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ലോകകപ്പിന്റെ 61 ഇരട്ടി തുകയുമാണ് ഈ ലോകകപ്പിനായി ഖത്തര്‍ ചെലവഴിച്ചത്.
Content Highlights: Fifa earns more money in Qatar, says report