| Saturday, 28th January 2023, 1:23 pm

പെനാല്‍ട്ടി റൂള്‍സ് പൊളിച്ചെഴുതാന്‍ ഫിഫയുടെ നീക്കം; എമിലിയാനോ മാര്‍ട്ടിനെസിന് കനത്ത തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയിലും ഖത്തര്‍ ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച് കയ്യടി നേടിയ താരമാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.ഒരു വശത്ത് ഗോള്‍ പോസ്റ്റിന് മുന്നില്‍ മിന്നും സേവുകള്‍ നടത്തി എമി കയ്യടി നേടുമ്പോള്‍ മറുവശത്ത് താരം തെറ്റായ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങളുമുണ്ട്.

പെനാല്‍ട്ടി ഷൂട്ടൗട്ടുകളില്‍ എമിയുടെ തന്ത്രങ്ങള്‍ എല്ലാം വിജയം കണ്ടിരുന്നു. കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെയും ഖത്തര്‍ ലോകകപ്പില്‍ ഹോളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്കെതിരെയും തന്റെ തന്ത്രങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എമിക്ക് സാധിച്ചിരുന്നു.

പലപ്പോഴും എതിര്‍ താരങ്ങളെ മാനസികമായി തളര്‍ത്തുകയും അവരുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യാന്‍ എമി ശ്രമിക്കാറുണ്ടെന്ന് താരങ്ങളില്‍ പലരും പരാതി പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നെങ്കിലും എമിയുടെ പ്രവൃത്തി നിയമം ലംഘിക്കുന്നതായിരുന്നില്ല.

എന്നാല്‍ ഫിഫയും ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ് ബോര്‍ഡും (ഇഫാബ്) ചേര്‍ന്ന് ഇത്തരം കാര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇഫാബാണ് ഫുട്‌ബോളിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. പെനാല്‍ട്ടിയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ പറ്റി ഇഫാബ് ആലോചിക്കുന്നുണ്ടെന്നാണ് ടി.വൈ.സി റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവഴി ഗോള്‍കീപ്പറുടെ പെരുമാറ്റത്തില്‍ നിയന്ത്രണം വരുത്താനാകും. പെനാല്‍ട്ടി എടുക്കുന്ന സമയത്ത് ഗോള്‍കീപ്പര്‍ ഇടപെടുകയോ പെനാല്‍ട്ടി എടുക്കുന്ന താരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയോ ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പെനാല്‍ട്ടി എടുക്കുന്നതിന് മുമ്പ് ബോള്‍ തട്ടിപ്പറിക്കുന്നതും വലിച്ചെറിയുന്നതും താരങ്ങളെ പ്രകോപിപ്പിക്കുന്നതും നിരോധിക്കപ്പെടും. വിഷയത്തില്‍ ഉടന്‍ ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: FIFA changes the penalty rules

We use cookies to give you the best possible experience. Learn more