റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനെ വിലക്കി ഫിഫ; ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കില്ല
Football
റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനെ വിലക്കി ഫിഫ; ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th February 2022, 11:50 pm

മോസ്‌കോ: ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തില്‍ നടപടികളുമായി ഫിഫ. റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കി. യുവേഫയുടെ നിര്‍ദേശമനുസരിച്ചാണ് ഫിഫയുടെ നടപടി.

ഇതോടെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനുള്ള ഫിഫയുടെ സാധ്യത അടയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തില്ലെന്നായിരുന്നു റഷ്യയുടെ നേരത്തെയുള്ള ഉപരോധം.

മറ്റ് വേദികളിലെ മത്സരങ്ങളില്‍ റഷ്യയ്ക്ക് സ്വന്തം രാജ്യത്തിന്റെ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാന്‍ അനുമതിയില്ല. ജഴ്‌സിയില്‍ റഷ്യ എന്ന് ഉപയോഗിക്കാന്‍ അനുമതിയില്ല. പകരം, റഷ്യ ഫുട്‌ബോള്‍ യൂണിയന്റെ ചുരുക്കെഴുത്തായ ‘ആര്‍.എഫ്.യു’ ഉപയോഗിക്കാം എന്നുമായിരുന്നു ഫിഫ അറിയിച്ചിരുന്നത്.

ഫിഫയുടെ നടപടികള്‍ക്കെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. റഷ്യയെ വിലക്കുകയാണ് വേണ്ടതെന്നും ഫിഫയുടെ നടപടി ശരിയല്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍. ഇതിനു പിന്നാലെയാണ് ഫിഫ നലപാട് കടുപ്പിക്കുന്നത്.

അതേസമയം, ഇംഗ്ലണ്ടും റഷ്യയെ ബഹിഷ്‌കരിച്ച് നിലപാടെടുത്തു. റഷ്യക്കെതിരെ ഒരു തരത്തിലുള്ള രാജ്യാന്തര മത്സരവും കളിക്കില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ റഷ്യക്കെതിരെ കളിക്കില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. പോളണ്ടിനൊപ്പം സ്വീഡനും ചെക്ക് റിപ്പബ്ലിക്കും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.