Sports News
ഇന്ത്യയെ വിലക്കി ഫിഫ; അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വമുള്‍പ്പെടെ നഷ്ടമാകും
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 16, 02:23 am
Tuesday, 16th August 2022, 7:53 am

ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ(എ.ഐ.എഫ്.എഫ്)സസ്‌പെന്‍ഡ് ചെയ്ത് ഫിഫ. ഇന്ത്യ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ഒഫീഷ്യല്‍ വെബ്‌സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചു.

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്നും പത്രക്കുറിപ്പിലൂടെ ഫിഫ അറിയിച്ചു. അസോസിയേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്നും ഫിഫ പത്രക്കുറിപ്പില്‍ പറഞ്ഞു.

‘ഏകകണ്ഠമായാണ് ഫിഫ കൗണ്‍സില്‍ തീരുമാനമെടുത്തത്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ റദ്ദാക്കപ്പെട്ടു. റദ്ദാക്കപ്പെട്ടതിനാല്‍ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍വെച്ച് നടത്താനാകില്ല,’ ഫിഫ പത്രക്കുറിപ്പില്‍ പറഞ്ഞു.

എ.ഐ.എഫ്.എഫ് ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂര്‍ണരൂപം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട രാജ്യാന്തര ഫുട്‌ബോള്‍ ഭരണസമിതി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ കമ്മിറ്റിയെ പിരിച്ചുവിട്ടുകൊണ്ട് സുപ്രിംകോടതി താല്‍ക്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു. ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരം നഷ്ടമാകും. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് ഫിഫയെ ചൊടുപ്പിച്ചതെന്നാണ് വിവരം.

അതേസമയം, ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീം കോടതിയുടെ വിധി. അതിനിടയില്‍ എ.ഐ.എഫ്.എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതി ശ്രമിക്കുന്നുണ്ട്.