| Wednesday, 17th August 2022, 10:14 am

ബ്ലാസ്‌റ്റേഴ്‌സിന് ഫിഫ കൊടുത്തത് നല്ല പണി !

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ(എ.ഐ.എഫ്.എഫ്) സസ്‌പെന്‍ഡ് ചെയ്ത് ഫിഫ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ഒഫീഷ്യല്‍ വെബ്‌സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചു.

ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്നും പത്രക്കുറിപ്പിലൂടെ ഫിഫ അറിയിച്ചിരുന്നു. അസോസിയേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്നും ഫിഫ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഈ സസ്പെന്‍ഷനിലൂടെ ഒരുപാട് പണിയാണ് ഇന്ത്യന്‍ ഫുട്ബോളിന് കിട്ടാന്‍ പോകുന്നത്. അണ്ടര്‍ 17 ലോകകപ്പും ഏഷ്യന്‍ കപ്പുമൊക്കെ ഇന്ത്യക്ക് നടത്താന്‍ പറ്റാത്ത അവസ്ഥയാകും മുന്നിലുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും ഇന്ത്യക്ക് വിലക്കുണ്ടാകും.

കേരള ബ്ലാസ്റ്റേഴ്‌സിന് വിദേശ പ്രീ സീസണ്‍ ടൂര്‍ പ്ലാനുകള്‍ മാറ്റേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഫിഫയുടെ വിലക്ക് ഉള്ളതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിദേശ ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കാന്‍ സാധിക്കില്ല. ഫിഫ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കെല്ലാം ഇന്ത്യയുമായി സഹകരിക്കരുത് എന്ന് സന്ദേശം അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു ക്ലബ്ബുമായും സൗഹൃദ മത്സരം കളിക്കാന്‍ മറ്റു ക്ലബ്ബുകള്‍ക്ക് ആകില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് നാളെയാണ് യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നത്. യു.എ.ഇയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് യു.എ.ഇയില്‍ പോകുമെങ്കിലും അവര്‍ക്ക് നേരത്തെ നിശ്ചയിച്ച മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പന വരെ ആരംഭിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പണി കിട്ടുന്നത്. ഇനി വിലക്ക് മാറാതെ ഇന്ത്യന്‍ ഫുട്‌ബോളിന് രക്ഷയില്ല.

അതേസമയം ഐ.എസ്.എല്‍ നടക്കുമെങ്കിലും ടൂര്‍ണമെന്റിന് ലഭിച്ചുകൊണ്ടിരുന്ന എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് യോഗ്യതയും എ.എഫ്.സി കപ്പ് യോഗ്യതയും ഇനി ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വിദേശ താരങ്ങളുടെ രജിസ്ട്രേഷനും ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് വിനയാകും. ഫിഫ വിലക്ക് ഉള്ളതിനാല്‍ പുതിയ വിദേശ താരങ്ങളുടെ രജിസ്ട്രേഷന്‍ നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ ടീമില്‍ സൈന്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്ക് പക്ഷെ ഈ വിലക്ക് ബാധകമല്ല. ബ്ലാസ്റ്റേഴ്സില്‍ നിലവില്‍ സൈന്‍ ചെയ്തിട്ടുള്ള അഞ്ച് താരങ്ങള്‍ക്കും ടീമില്‍ തുടരാം.

താരങ്ങളെ സൈന്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും രജിസ്ട്രേഷന്‍ നടക്കില്ല. വിലക്ക് തീര്‍ന്നാല്‍ മാത്രമെ വിദേശ കളിക്കാരുടെ രജിസ്ട്രേഷന്‍ സാധ്യമാവുകയുള്ളൂ. ഓഗസ്റ്റ് 31ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുമെന്നതിനാല്‍ ഇതിനകം വിദേശ താരങ്ങളെ സൈന്‍ ചെയ്യുക ഇനി ബുദ്ധിമുട്ടാകും. വിലക്ക് മാറിയാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ചാലും ഫ്രീ ഏജന്റായി നില്‍ക്കുന്ന താരങ്ങളെ ക്ലബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

Content Highlights: Fifa Ban will affect  Kerala Blasters in different ways

We use cookies to give you the best possible experience. Learn more