ഖത്തര്‍ ലോകകപ്പില്‍ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്നതില്‍ നിന്ന് യൂറോപ്യന്‍ താരങ്ങളെ വിലക്കിയതിന് പിന്നാലെ ‘ലവ്’ എന്നെഴുതിയ ജേഴ്‌സി ധരിക്കാനുള്ള ബെല്‍ജിയം ടീമിന്റെ അഭ്യര്‍ത്ഥനയും ഫിഫ നിരസിച്ചു.
‘ലവ്’ എന്ന വാക്ക് നീക്കം ചെയ്താല്‍ മാത്രമേ ജേഴ്സി ധരിക്കാന്‍ അനുവദിക്കൂവെന്ന് ഫിഫ ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന് അന്ത്യശാസനം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഫിഫയുടെ നിയമങ്ങള്‍ അനുസരിച്ച ബെല്‍ജിയം തങ്ങളുടെ പരമ്പരാഗത ചുവപ്പ് ജേഴ്‌സി ധരിക്കാന്‍ നിര്‍ബന്ധിതരായി. ബെല്‍ജിയം ടീമിന്റെ എവേ ജേഴ്‌സിയുടെ കോളറിലാണ് ‘ലവ്’ എന്ന് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ‘വണ്‍ ലവ്’ ക്യാമ്പെയിനുമായി ഇതിന് ഒരു ബന്ധവും ഇല്ലെന്നും ‘ടുമാറോ ലാന്‍ഡ്’ എന്ന സംഗീതോത്സവവുമായി സഹകരിച്ചായിരുന്നു ഈ കിറ്റ് പുറത്തിറക്കിയതെന്നുമാണ് ബെല്‍ജിയം പറഞ്ഞത്. ഫിഫയുടെ നിലപാടിനോട് കടുത്ത നിരാശയുണ്ടെന്നും ബെല്‍ജിയം അറിയിച്ചു.
നേരത്തെ ഫിഫ നിലപാട് കടുപ്പിച്ചതോടെ ബെല്‍ജിയത്തിന്റെയും മറ്റ് ഏഴ് യൂറോപ്യന്‍ രാജ്യങ്ങളുടെയും ക്യാപ്റ്റന്‍മാര്‍ ‘വണ്‍ ലവ്’ ആംബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായിട്ടാണ് യൂറോപ്യന്‍ ടീമുകള്‍ വണ്‍ ലവ് ക്യാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്‍മാരായിരുന്നു ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ സംഭവം വിവാദമായതോടെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തുകയായിരുന്നു.
ഇതോടെയാണ് നായകന്‍മാര്‍ തീരുമാനം പിന്‍വലിച്ചത്. ‘വണ്‍ ലവ്’ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയാല്‍ മത്സരം തുടങ്ങി അടുത്ത നിമിഷം തന്നെ മഞ്ഞ കാര്‍ഡ് കാണിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ നിലപാടെടുത്തതോടെയായിരുന്നു ഇവരുടെ പിന്‍മാറ്റം.
ഏഴ് ടീമുകളും സംയുക്ത പ്രസ്താവന നടത്തിയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഫിഫയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും ടീമുകള്‍ അറിയിച്ചു. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളും അവരുടെ ലോഗോ മഴവില്‍ നിറമാക്കി മാറ്റിക്കൊണ്ട് വണ്‍ ലവ് ക്യാമ്പെയ്നില്‍ പങ്കാളികളായിരുന്നു.
Content Highlights: FIFA asks Belgium to remove the word LOVE from their Jersey