| Thursday, 15th June 2023, 11:11 pm

വംശീയവിരുദ്ധ സമിതിയുടെ തലവനായി വിനീഷ്യസ് ജൂനിയറെ നിയമിച്ച് ഫിഫ

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറെ നിയമിച്ചു. ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ഇക്കാര്യം അറിയിച്ചത്.

ഫുട്ബോളിലെ വിവേചനപരമായ പെരുമാറ്റത്തിന് കര്‍ശനമായ ശിക്ഷകള്‍ നിര്‍ദേശിക്കുന്ന പ്രത്യേക സമിതിയാണിത്. കളിക്കാരും ഫിഫയില്‍ നിന്നുള്ള മറ്റ് ഒഫീഷ്യല്‍സുമാണ് സമതിയിലെ അംഗങ്ങള്‍. വംശീയത ഫുട്‌ബോളില്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും അതിനായി ഫുട്‌ബോള്‍ ലോകം ഒന്നിച്ച് നില്‍ക്കണമെന്നും ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു.

‘ഫുട്‌ബോളിലെ വംശീയത ഇനിയും നമുക്ക് സഹിക്കാനാവില്ല. അതിന് കഠിനമായ ശിക്ഷകള്‍ ആവശ്യമാണ്. ഫിഫയുടെ പ്രസിഡന്റ് എന്ന നിലയില്‍, വിനീഷ്യസുമായി ഇതിനെക്കുറിച്ച് സംസാരിച്ചു.

സുരക്ഷിതമായ അന്തരീക്ഷത്തില്‍ എല്ലാ കളിക്കാര്‍ക്കും അവസരമൊരുക്കേണ്ടതുണ്ട്. വംശീയതയുടെ കാര്യത്തില്‍ ഗൗരവപരമായ സമീപനമാണ് ഫിഫക്കുള്ളത്,’ ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.

അതേസമയം, ലാ ലിഗയില്‍ നടന്ന മത്സരത്തിനി വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. റയല്‍ മാഡ്രിഡ്-വലന്‍സിയ മത്സരത്തിനിടെയായിരുന്നു സംഭവം.

വിനീഷ്യസ് മരിക്കട്ടെയെന്ന് ചാന്റ് ചെയ്ത വലന്‍സിയ ആരാധകര്‍ അദ്ദേഹത്തെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകോപനംകൊണ്ട വിനി കളത്തില്‍ വെച്ച് തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവുണ്ടാകുന്നതെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം നിസാരമാവുകയാണെന്നും വിനീഷ്യസ് കളത്തില്‍ വെച്ച് പറഞ്ഞിരുന്നു.

ഫുട്ബോളില്‍ ഇത് സാധാരണമാവുകയാണെന്നും ഫെഡറേഷനും എതിര്‍ ടീമിന്റെ ആരാധകരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വിനി പറഞ്ഞു. താന്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യമിപ്പോള്‍ വിദ്വേഷം പ്രചരിക്കുന്നവരായി മാറിയെന്നും ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും ലീഗ് ഇപ്പോള്‍ വംശീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: FIFA appoints Vinicius Jr as head of anti-racism committee

Latest Stories

We use cookies to give you the best possible experience. Learn more