| Saturday, 2nd April 2022, 4:40 pm

കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ ഫിഫ; ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തുന്ന ടീമിനെ സമ്മാനമായി കാത്തിരിക്കുന്നത് ഏകദേശം 319 കോടി* ഇന്ത്യന്‍ രൂപയാണ് (42 മില്യണ്‍ ഡോളര്‍). റണ്ണേഴ്‌സ് അപ്പിന് ലഭിക്കുന്നതാവട്ടെ 30 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 227 കോടി* ഇന്ത്യന്‍ രൂപയാണ്.

മൂന്നാം സ്ഥാനക്കാര്‍ക്ക് 27 മില്യണ്‍ ഡോളറും (205 കോടി*) നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണുമാണ് (189 കോടി*) സമ്മാനമായി ലഭിക്കാന്‍ പോവുന്നത്.

അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് 129 കോടി* രൂപ വീതമാണ് ലഭിക്കുക. ഇതിനെല്ലാം പുറമെ ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമിനും 11 കോടി* രൂപയും സമ്മാനമായി ലഭിക്കും.

9 മുതല്‍ 16 വരെ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 98 കോടി* രൂപ വീതമാണ് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ കാലിടറി വീഴുന്ന ടീമുകള്‍ക്കും സമ്മാനത്തുക ലഭിക്കും. അവസാന 16ലേക്ക് എത്താന്‍ കഴിയാതെ പോകുന്ന ടീമുകള്‍ക്ക് 68 കോടി* രൂപയോളമാണ് ലഭിക്കുന്നത്.

അയ്യായിരം കോടി* രൂപയോളമാണ് ഖത്തര്‍ ലോകകപ്പിലൂടെ ഫിഫ വരുമാനമായി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഖത്തര്‍ ലോകകപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്്ച ദോഹയില്‍ നടന്ന നറുക്കെടുപ്പിലാണ് ടീമുകളുടെ ഗ്രൂപ്പുകള്‍ തീരുമാനമായത്.

സ്‌പെയ്‌നും ജര്‍മനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയില്‍ സ്‌പെയ്‌നിനും ജര്‍മനിക്കും പുറമേ, ജപ്പാന്‍, ന്യൂസിലാന്‍ഡ്/കോസ്റ്റാറിക്ക എന്നീ ടീമുകളാണുള്ളത്.

ഗ്രൂപ്പ് എച്ചില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന, ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വായ്, ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്റെ സ്ഥാനം.

നവംബര്‍ 21നാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും.

ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലാന്‍ഡ്സ്.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, യു.എസ്.എ, സ്‌കോട്ട്ലന്‍ഡ്/വെയ്ല്‍സ്/ഉക്രൈന്‍.

ഗ്രൂപ്പ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്.

ഗ്രൂപ്പ് ഡി: ഫ്രാന്‍സ്, പെറു/ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ.

ഗ്രൂപ്പ് ഇ: സ്പെയ്ന്‍, ന്യൂസിലാന്‍ഡ്/കോസ്റ്റാറിക്ക, ജര്‍മനി, ജപ്പാന്‍

ഗ്രൂപ്പ് എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ.

ഗ്രൂപ്പ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍.

ഗ്രൂപ്പ് എച്ച്: പോര്‍ച്ചുഗല്‍, ഘാന, ഉറുഗ്വായ്, ദക്ഷിണ കൊറിയ.

(*ഏകദേശം)

Content highlight: FIFA announces prize money for the World Cup winners

We use cookies to give you the best possible experience. Learn more