| Saturday, 4th February 2023, 4:55 pm

ബാഴ്സലോണയുമായി 'ഉടക്കി' ഫിഫ; ക്ലബ്ബിനെ പുതിയ താരത്തെ വാങ്ങാൻ സമ്മതിക്കില്ല; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയുമായി പ്രശ്നങ്ങളിലേക്ക് കടക്കുകയാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ.

ഫിഫയുമായി സാമ്പത്തിക കാര്യങ്ങളും സൈനിങ് സംബന്ധമായ തർക്കങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ബാഴ്സക്ക് പുതിയ താരത്തെ സൈൻ ചെയ്യാൻ ഫിഫ സമ്മതിച്ചില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അമേരിക്കൻ ക്ലബ്ബായ എൽ ഗാലകിസിയിൽ നിന്ന് ജൂലിയൻ അറോജോയെ ക്ലബ്ബിലെത്തിക്കാനുള്ള ബാഴ്സയുടെ ശ്രമങ്ങൾക്കാണ് ഫിഫ ചുവപ്പ് കാർഡ് കാണിച്ചിരിക്കുന്നത് എന്നാണ് ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്പോർട്ടിങ് ലിസ്ബണിലേക്ക് ചേക്കേറിയ ഹെക്ടർ ബെല്ലേറിന് പകരക്കാരനായാണ് എം.എസ്.എല്ലിൽ നിന്നും ജൂലിയൻ അറോജോയെ കാറ്റലോണിയയിലേക്കെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചത്. ഏകദേശം 4 മില്യൺ യൂറോക്കായിരുന്നു താരത്തെ ടീമിലെത്തിക്കാനായി ബാഴ്സലോണ ശ്രമങ്ങൾ ആരംഭിച്ചത്.

എന്നാൽ ജൂലിയൻ അറോജോയുടെ സൈനിങ് നടത്തിയതിൽ സിസ്റ്റം എറർ കാരണം 18 സെക്കന്റിന്റെ താമസം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ തന്നെ അറോജോയുടെ സൈനിങിന് നിയമപരമായ വാലിഡിറ്റിയില്ലെന്നുമാണ് ഫിഫയുടെ പക്ഷം.

എന്നാൽ സിസ്റ്റം എറർ മുഖേന 18 സെക്കന്റ് താമസിച്ചതിന് സൈനിങ് കാൻസൽ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബാഴ്സ ഡയറക്ടർ മത്തെയൂ അലെമനിയുടെ വാദം.

“ഫിഫയുടെ നിയമപ്രകാരം ജൂലിയൻ അറോജോയുടെ സൈനിങ് ബാഴ്സലോണ പൂർത്തിയാക്കിയിട്ടില്ല. സൈനിങ് പൂർത്തിയാക്കണമെങ്കിൽ അതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്,’ ഫിഫയുടെ ഒരു വക്താവ് ഇ.എസ്.പി.എന്നിനോട് പറഞ്ഞു.

2 മില്യൺ തുക മുൻ‌കൂർ നൽകിയാണ് ജൂലിയനെ ബാഴ്സ സൈൻ ചെയ്യാൻ ശ്രമം നടത്തിയത്. ബാക്കി 2 മില്യൺ കരാർ പൂർത്തിയാക്കിയ ശേഷം നൽകാം എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

അതിനാൽ തന്നെ കരാർ പൂർത്തിയായില്ലെങ്കിൽ ബാഴ്സക്ക് മേൽ സാമ്പത്തിക ബാധ്യതയും പിഴയും അടക്കമുള്ള നടപടികൾ വരാൻ സാധ്യതയുണ്ട്.

അതേസമയം എൽ.എ ഗ്യാലക്സിക്കായി 107 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളും 16 അസിസ്റ്റുകളുമാണ് ജൂലിയൻ അറോജോ സ്വന്തമാക്കിയിട്ടുള്ളത്.

ഫെബ്രുവരി 6ന് സെവിയ്യക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

Content Highlights:FIFA and Barcelona have issues fifa will not agree barca to buy a new player; Report

We use cookies to give you the best possible experience. Learn more