| Thursday, 31st March 2022, 1:55 pm

ദുല്‍ഖര്‍ സല്‍മാനെതിരായ വിലക്ക് പിന്‍വലിച്ചു; സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയത് പ്രത്യേക സാഹചര്യത്തിലെന്ന് വേഫെറര്‍ ഫിലിംസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.

പ്രത്യേക സാഹചര്യത്തിലാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നും തുടര്‍ന്നുള്ള ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ആകുമെന്നും കമ്പനി അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ‘സല്യൂട്ട്’ എന്ന സിനിമ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.
ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നായിരുന്നു ഫിയോക് ആരോപിച്ചത്.

ജനുവരി 14 ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒ.ടി.ടിയില്‍ എത്തുന്നതെന്നും സംഘടന പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചത്.

അതേസമയം കുറുപ്പ് റിലീസിന്റെ സമയത്ത് തിയേറ്റര്‍ ഉടമകള്‍ അവരെ പരമാവധി പിന്തുണച്ചെന്നും തിയേറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹേയ് സിനാമികയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തത്.

Content Highlight: Feouke Lift Ban on Dulquer salmaan

We use cookies to give you the best possible experience. Learn more