ഐ.പി.എല്ലില്‍ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെറിയ സ്‌കോറില്‍ തളച്ച് രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമാണ് ഹോം ടീമിന് നേടാന്‍ സാധിച്ചത്.
ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊല്‍ക്കത്ത ബാറ്റര്‍മാരെ റണ്ണെടുക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു. രാജസ്ഥാന് വേണ്ടി പന്തെറിഞ്ഞ പാര്‍ട് ടൈം ബൗളറായ ജോ റൂട്ട് ഉള്‍പ്പെടെയുള്ള എല്ലാവരും തകര്‍ത്തെറിഞ്ഞപ്പോള്‍ കൊല്‍ക്കത്ത റണ്ണെടുക്കാന്‍ പാടുപെട്ടു.
രാജസ്ഥാന്റെ ബൗളിങ് യൂണിറ്റിനേക്കാള്‍ ഒരുപടി മുകളില്‍ നിന്ന പ്രകടനമായിരുന്നു ഫീല്‍ഡര്‍മാര്‍ കാഴ്ചവെച്ചത്. യഥാര്‍ത്ഥത്തില്‍ കെ.കെ.ആറിനെ ഈ ചെറിയ സ്‌കോറില്‍ തടഞ്ഞുനിര്‍ത്തിയിന്റെ ക്രെഡിറ്റ് കൂടുതല്‍ അവകാശപ്പെടാന്‍ സാധിക്കുക ഫീല്‍ഡര്‍മാര്‍ക്കാണ്.
രാജസ്ഥാന് ബൗളിങ്ങിനെ യൂസ്വേന്ദ്ര ചഹലാണ് മുമ്പില്‍ നിന്നും നയിച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സിന് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിന് പിന്നാലെ പര്‍പ്പിള്‍ ക്യാപ്പും തന്റെ പേരിലാക്കാന്‍ ചഹലിനായി.
ഈ മത്സരത്തിലെ ആദ്യ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഐ.പി.എല്ലിന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടാനും ചഹലിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
Content Highlight: Fielding performance of Rajasthan Royals