| Sunday, 6th February 2022, 10:37 pm

അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 5 റണ്‍സ്; ഫീല്‍ഡര്‍മാരുടെ മണ്ടത്തരത്തില്‍ അഞ്ചും ഓടിയെടുത്ത് ബാറ്റര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അണ്‍പ്രഡിക്ടബിലിറ്റിയാണ് എന്നും ക്രിക്കറ്റിനെ മനോഹരമാക്കുന്നത്. തോറ്റെന്നുറപ്പിച്ച കളി ജയിക്കുന്നതും കൈയില്‍ കിട്ടിയ കളി തോല്‍പിക്കുന്നതും എല്ലാം ക്രിക്കറ്റിലെ സ്ഥിരം കാഴ്ചയാണ്.

എന്നാല്‍, ഇത്തരത്തിലൊന്ന് ക്രിക്കറ്റില്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ട അഞ്ച് റണ്‍സും ഓടിയെടുത്താണ് ബാറ്റര്‍മാര്‍ കളി ജയിപ്പിച്ചത്, അല്ല ഫീല്‍ഡര്‍മാര്‍ കളി തോല്‍പിച്ചത്.

ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ചിരിപ്പിച്ച സംഭവത്തിനാണ് അല്‍-വാഖില്‍ ക്രിക്കറ്റ് ലീഗ് സാക്ഷ്യം വഹിച്ചത്. ഓഡിയോണിക്, ഓട്ടോമാള്‍ എന്നീ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിലാണ് സംഭവം നടന്നത്.

ആദ്യം ബാറ്റ് ചെയ്ത് ഓഡിയോണിക് 20 ഓവറില്‍ 154 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ഓട്ടോമാളിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 5 റണ്‍സാണ്. ബൗളറുടെ മികച്ച ഒരു യോര്‍ക്കര്‍ ലംഗ്ത് പന്തില്‍ ബൗണ്ടറി ലൈനിലേക്ക് നീട്ടിയടിച്ച് ബാറ്റര്‍ റണ്‍സിനായി ഓടി.

എന്നാല്‍, പെട്ടന്ന് തന്നെ ബൗണ്ടറി ലൈനില്‍ നിന്നും ബോള്‍ കളക്ട് ചെയ്ത ഫീല്‍ഡര്‍ ബൗളിംഗ് എന്‍ഡിലേക്കോ കീപ്പര്‍ക്കോ പാസ് ചെയ്യാതെ റണ്ണൗട്ടാക്കാന്‍ വിക്കറ്റിനരികിലേക്ക് ഓടി വരികയായിരുന്നു. ഇതിനിടയിലും ബാറ്റര്‍മാര്‍ ഓട്ടം തുടരുകയായിരുന്നു.

ബൗളിംഗ് എന്‍ഡിലെത്തി വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ബാറ്റര്‍ ക്രീസിലുണ്ടായിരുന്നു. ഇതു കണ്ട ഓപ്പോസിറ്റ് ബാറ്റര്‍ റണ്‍സിനായി കോള്‍ ചെയ്യുകയും ഇരുവരും വീണ്ടും ഓടുകയും ചെയ്തു.

ഇവരെ ഔട്ടാക്കാനായി വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു നല്‍കിയ പന്ത് ഓവര്‍ ത്രോയാവുകയും ചെയ്തു. മറ്റൊരു ഫീല്‍ഡര്‍ പന്ത് ഓടിയെടുക്കും മുന്‍പ് തന്നെ ബാറ്റര്‍മാര്‍ വിജയ റണ്ണും ഓടിയെടുത്തിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബാറ്റര്‍മാര്‍ക്കോ കമന്റേറ്റര്‍മാര്‍ക്കോ ഒരു പിടിയും കിട്ടിയിരുന്നില്ല.

കഴിഞ്ഞയാഴ്ച നടന്ന മത്സരമാണെങ്കിലും രസകരമായ ഈ നിമിഷം ക്രിക്കറ്റ് ലോകത്ത് സംഭവം ഇപ്പോഴും ചര്‍ച്ചയാവുന്നുണ്ട്.

Content Highlight:  Fielder’s comedy of errors allow batters to take five runs off the final delivery to seal victory

We use cookies to give you the best possible experience. Learn more