| Friday, 2nd February 2018, 8:04 am

ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഫിദല്‍ ഏന്‍ജല്‍ കാസ്‌ട്രോ ദിയാസ്-ബലാര്‍ട് ആത്മഹത്യ ചെയ്തതായി ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങളായി ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നു.

“അതിയായ വിഷാദരോഗത്തിന് മാസങ്ങളായി ഒരുസംഘം ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്ന ദിയാസ്-ബലാര്‍ട്ട് ഇന്ന് (ഫെബ്രുവരി 1) രാവിലെ ആത്മഹത്യ ചെയ്തു.” എന്ന് ക്യൂബന്‍ഡിബേറ്റ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫിദലിറ്റോ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് 68 വയസായിരുന്നു. വിഷാദരോഗചികിത്സയ്ക്കായി നേരത്തേ ആശുപത്രിയിലായിരുന്ന ദിയാസിന്റെ ചികിത്സ പിന്നീട് വീട്ടില്‍ നിന്നു മതി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ശാസ്ത്രീയ ഉപദേഷ്ടാവും ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ശാസ്ത്രത്തോടുള്ള ആത്മാര്‍ത്ഥമായ സമീപനം അദ്ദേഹത്തിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തുവെന്ന് ക്യൂബന്‍ഡിബേറ്റ് പറയുന്നു. കുടുംബം തീരുമാനിക്കുന്നതിനനുസരിച്ച് ഫിദല്‍ കാസ്‌ട്രോ ദിയാസ്-ബലാര്‍ട്ടിന്റെ സംസ്‌കാരം നടക്കും.

We use cookies to give you the best possible experience. Learn more