ഫിദല്‍ കാസ്‌ട്രോയുടെ ഭൗതിക ശരീരം ചെഗ്വേര മ്യൂസിയത്തില്‍ സൂക്ഷിക്കും
Daily News
ഫിദല്‍ കാസ്‌ട്രോയുടെ ഭൗതിക ശരീരം ചെഗ്വേര മ്യൂസിയത്തില്‍ സൂക്ഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2016, 12:27 pm

ഹവാനയില്‍ നിന്ന് നാല് ദിവസം നീണ്ടു നിന്ന വിലാപയാത്രയോട് കൂടിയാണ് കാസ്‌ട്രോയുടെ ഭൗതിക ശരീരം സാന്റിയാഗോയില്‍ എത്തിയത്.


ഹവാന: അന്തരിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ ഭൗതിക ശരീരമടങ്ങിയ ശവപേടകം സാന്റാ ക്ലാരയിലെ ചെഗുവേര മ്യൂസിയത്തില്‍ സൂക്ഷിക്കും.

ക്യൂബയിലെ മറ്റൊരു വിപ്ലവ ഇതിഹാസമായ ഹൊസെ മാര്‍ട്ടയുടെ ശവകുടീരത്തിനരികെയാണ് ഫിദലിനേയും അടക്കം ചെയ്യുക. സാന്തിയാഗോയില സെമിത്തേരിയില്‍ ഭൗതിക ശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.

ഹവാനയില്‍ നിന്ന് നാല് ദിവസം നീണ്ടു നിന്ന വിലാപയാത്രയോട് കൂടിയാണ് കാസ്‌ട്രോയുടെ ഭൗതിക ശരീരം സാന്റിയാഗോയില്‍ എത്തിയത്.

പതിനായിരങ്ങളാണ് ക്യൂബന്‍ തെരുവീഥികളില്‍ കാസ്‌ട്രോയുടെ ഭൗതിക ശരീരം ഒരു നോക്കുകാണാനായി എത്തിച്ചേര്‍ന്നത്. ഹവാനയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വിവിധ രാഷ്ട്രങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു.


ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചാവോ, ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ്, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബൊളിവിയ പ്രസിഡന്റ് ഇവാ മൊറേല്‍സ്, ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജേക്കബ് സുമ, സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറയ, മെക്‌സിക്കോ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ തുടങ്ങി ലോകനേതാക്കള്‍ കാസ്‌ട്രോക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

രോഗബാധിതനായതിനെത്തുടര്‍ന്നു എട്ടു വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ചിട്ടാണ് ഫിദല്‍ അധികാരമൊഴിഞ്ഞത്.

1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദല്‍ ക്യൂബയെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കാക്കി. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ. 1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്‌ട്രോ രാഷ്ട്രത്തലവനായിരുന്നത്.

രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കരിച്ചു.


ഫിദല്‍ അലക്‌സാണ്ട്രോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ 1926 ആഗസ്ത് 13നാണ് ജനിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് കാസ്‌ട്രോ ജനിച്ചത്. എയ്ഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊണ്‍സാല്‍വസ്.