കായിക ലോകത്തിലെ ചെസ്സ് മാമാങ്കത്തിന് ഇന്ന് കൊടിയേറും. ചതുരംഗത്തിലെ രാജാവ് ആരാകുമെന്ന കാത്തിരിപ്പിലാണ് ചെസ്സ് ലോകം. ഇന്ന് തുടങ്ങുന്ന ആവേശത്തിന് അടുത്തമാസം പതിനാലോടെ തിരശ്ശീല വീഴും.
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് സിംഗപ്പൂരില്‍ തുടങ്ങും. ഇന്ത്യന്‍ താരം ഡി. ഗുകേഷും ചൈനീസ് താരം ഡിങ് ലിറനുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കളി തുടങ്ങുക.
ചെസ്സില്‍ പതിനെട്ടാമത്തെ ലോക ചാമ്പ്യനാവാനാണ് 18 കാരന്‍ ഡി. ഗുകേഷ് മത്സരിക്കുന്നത്. നിലവിലെ ലോക ചാമ്പ്യനാണ് ചൈനയുടെ ഡിങ് ലിറന്‍. ഡിസംബര്‍ പതിനാല് വരെ നീണ്ടുനില്‍ക്കുന്ന കിരീടപ്പോരില്‍ ആകെ 14 മത്സരങ്ങളാണുണ്ടാകുക.
ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഈ ചാമ്പ്യന്‍ഷിപ്പിനുണ്ട്. അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക കിരീടം ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുകേഷിന്റെ ഓരോ കരുക്കളും നീങ്ങുക.
ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ നിയമങ്ങള്‍ എടുത്തു പരിശോധിച്ചാല്‍, ഓരോ മൂന്ന് മത്സരത്തിന് ശേഷവും വിശ്രമദിനം അനുവദിക്കും. ആദ്യ 40 നീക്കങ്ങള്‍ക്ക് ഇരുവര്‍ക്കും 120 മിനിറ്റ് വീതം ആയിരിക്കും അനുവദിക്കുക. തുടര്‍ന്നുള്ള നീക്കങ്ങള്‍ക്ക് 30മിനിറ്റും.
ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ പുതിയ ലോക ചാമ്പ്യനാകും. പതിനാല് മത്സരങ്ങള്‍ക്ക് ശേഷവും ഇരുവരും ഒപ്പത്തിനൊപ്പമെങ്കില്‍ അതിവേഗ ടൈബ്രേക്കറിലൂടെ ചാമ്പ്യനെ തിരഞ്ഞെടുക്കും.
ഇന്ത്യയുടെ ഗുകേഷ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിച്ച ആത്മവിശ്വാസത്തിലാണെത്തുന്നത്. ഡിങ് ലിറനാകട്ടെ റഷ്യയുടെ ഇയാന്‍ നിപോംനിഷിയെ തോല്‍പ്പിച്ചാണ് കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യനായത്.
മത്സരത്തില്‍ ഇരുവരും മികച്ച ഫോമിലാണ് തുടരുന്നത്. ചെസിലെ ക്ലാസ്സിക്കല്‍ ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ വന്ന മത്സരങ്ങളിലെല്ലാം ജയം ചൈനയുടെ താരത്തിനൊപ്പമായിരുന്നു. എന്നാല്‍ ഈ ജനുവരിയ്ക്ക് ശേഷം ഡിങ് ലിറന്‍ ഒരു മത്സരവും വിജയിച്ചിട്ടില്ല എന്നതും ഇന്ത്യന്‍ ചെസ്സ് ക്യാമ്പില്‍ ആശ്വാസം നല്‍കുന്നുണ്ട്.
12-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയ ഇന്ത്യയുടെ ഗുകേഷ് ഏറ്റവും ചെറിയ പ്രായത്തില്‍ ലോക ചാമ്പ്യന്‍ പട്ടം ചൂടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
കിരീട നേട്ടം സാധ്യമായാല്‍ ലോക ചെസ്സ് ചാമ്പ്യന്‍ പട്ടം നേടുന്ന പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ ഡി. ഗുകേഷ് മാറും. മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ തയ്യാറെടുപ്പുകളിലാണ് രണ്ടു താരങ്ങളും അതിലുപരി രണ്ടു രാജ്യങ്ങളും.
Content highlight: FIDE World Championship Match, Gukesh D vs Ding Liren