ഞാൻ ഒരു കോച്ചല്ലേടെ, ഒന്ന് ബഹുമാനിച്ചൂടെ? പ്ലെയേഴ്സ് പി.എസ്.ജി പരിശീലകനെ ബഹുമാനിക്കുന്നില്ലെന്ന് റിപ്പോർട്ട്
football news
ഞാൻ ഒരു കോച്ചല്ലേടെ, ഒന്ന് ബഹുമാനിച്ചൂടെ? പ്ലെയേഴ്സ് പി.എസ്.ജി പരിശീലകനെ ബഹുമാനിക്കുന്നില്ലെന്ന് റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th March 2023, 6:07 pm

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ തോറ്റ് പുറത്തായതോടെ പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ ക്ലബ്ബിലെ ഭാവി സുരക്ഷിതമല്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ എന്ത്‌ വില കൊടുത്തും സ്വന്തമാക്കണം എന്ന ഉദ്ദേശത്തിൽ ക്ലബ്ബിലേക്ക് വലിയ നിക്ഷേപം നടത്തിയ മാനേജ്മെന്റിനെ ഞെട്ടിച്ചുകൊണ്ടാണ് പാരിസ് ക്ലബ്ബ്‌ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്.

ഇതോടെയാണ് പി.എസ്.ജിയിലേക്ക് പുതിയ പരിശീലകനെത്തുന്നത് എന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്തടക്കം പ്രചരിക്കുന്നത്.

എന്നാലിപ്പോൾ ചില പി.എസ്.ജി താരങ്ങൾക്ക് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറോട് തീരെ ബഹുമാനമില്ലെന്നും പരിശീലകനെ ഇരട്ടപ്പേര് വിളിക്കുന്നതിലേക്ക് വരെ ചില താരങ്ങൾ എത്തിയിട്ടുണ്ടെന്നുമാണ്  പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സ്പോർട്സ് ജേർണലിസ്റ്റായ റോമെൻ മൊളീനയാണ് ചില പി.എസ്.ജി താരങ്ങൾ പരിശീലകനോട് അപമര്യാദയായി പെരുമാറിയെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ഫ്രഞ്ച് കപ്പിൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ ഗാൾട്ടിയർ തന്റെ ടീമിനോട് നെയ്മർക്കും മെസിക്കും പന്ത് കൊടുത്ത് കളിക്കാൻ ആവശ്യപ്പെട്ടിരുന്നതായും മൊളീന റിപ്പോർട്ട് ചെയ്തു.

പുതിയ സീസണിൽ മോശം പ്രകടനവും തന്ത്രങ്ങളിൽ പിഴവും ആവർത്തിച്ചപ്പോഴാണ് കോച്ചിനെതിരെ ക്ലബ്ബിനുള്ളിൽ മുറുമുറുപ്പുകൾ തുടങ്ങിയത്. കൂടാതെ ബയേൺ മ്യൂണിക്കിനെതിരെ ചാമ്പ്യൻസ് ലീഗിൽ സംഭവിച്ച പിഴവുകളും കോച്ചിനെതിരെ ക്ലബ്ബിനുള്ളിൽ  അസ്വാരസ്യങ്ങൾ ഉണ്ടാകാൻ കാരണമായി.

കൂടാതെ ഗാൾട്ടിയർ ക്ലബ്ബിൽ പരിശീലകനായി തുടരുന്നതിൽ ടീമിനുള്ളിൽ ഭിന്നാഭിപ്രായമുണ്ടെന്നും ഗോൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ലീഗ് വണ്ണിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.


മാർച്ച് 19ന് റെന്നെസിനെതിരെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Few PSG players have nicknamed manager Christophe Galtier; Reports