ദിസ്പൂര്‍: 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്‍ഗ്രസില്‍ മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമേ ബാക്കിയുണ്ടാകുകയുള്ളൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ചില മുസ്‌ലിം എം.എല്‍.എമാര്‍ ഒഴികെ കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിശ്വനാഥ് ജില്ലയിലെ ഗോഹ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എം.എല്‍.എമാരായ റാക്കിബുൽ ഹുസൈന്‍, റെക്കിബുദ്ദീന്‍ അഹമ്മദ്, ജാക്കിര്‍ ഹുസൈന്‍ സിക്ദര്‍, നൂറുല്‍ ഹുദ എന്നീ എം.എല്‍.എമാര്‍ മാത്രമേ കോണ്‍ഗ്രസില്‍ ബാക്കിയുണ്ടാകുള്ളൂ എന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.
അടുത്തിടെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവച്ച കോണ്‍ഗ്രസ് നേതാവ് റാണാ ഗോസ്വാമി ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തയോടും അദ്ദേഹം പ്രതികരിച്ചു. അതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ നേരത്തെ പരാമര്‍ശിച്ച ചില മുസ്‌ലിം എം.എല്‍.എമാര്‍ ഒഴിച്ച് കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ട്’, ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എതിര്‍ത്ത് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ രംഗത്തെത്തി.
മുഖ്യമന്ത്രിക്ക് എവിടെ നിന്ന് വേണമെങ്കിലും എം.എല്‍.എമാരെ വിലക്ക് വാങ്ങാമെന്നും എന്നാല്‍ താന്‍ അതില്‍ പെടില്ലെന്നും ഭൂപന്‍ ബോറ പറഞ്ഞു. സംസ്ഥാനത്ത് മുഖ്യമന്ത്രി ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അക്രമം ഭയത്തിന്റെ അടയാളമാണ്. ഹിമന്ത ബിശ്വ ശര്‍മ അസമില്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. കഴിഞ്ഞ മാസം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. തന്നെ ആക്രമിച്ചവരെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്’, ഭൂപൻ ബോറ പറഞ്ഞു.
Contant Highlight: Few Muslim MLAs to remain in Congress before 2026 polls: Himanta Sarma