India
ചില നേതാക്കള്‍ വാര്‍ത്തകളില്‍ നിറയുന്നത് വിവാദ പ്രസ്താവനകളിലൂടെ; ഭാവിയില്‍ ശ്രദ്ധിക്കണമെന്ന് എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം
ന്യൂദല്‍ഹി: ചില രാഷ്ട്രീയ നേതാക്കള്‍ വിവാദവും അനാവശ്യവുമായ പ്രസ്താവനകളിലൂടെയാണ് വാര്‍ത്തകളില്‍ നിറയുന്നതെന്ന് നരേന്ദ്ര മോദി. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ പാര്‍ലമെന്ററി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
‘വിവാദ പ്രസ്താവനകള്‍ നടത്തും എന്നുറപ്പുള്ള ചില നേതാക്കളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം’- മോദി പറയുന്നു. പൊതു വേദിയില്‍ സംസാരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്നും മോദി പറഞ്ഞു.
‘മാധ്യമങ്ങള്‍ പല രീതിയിലും നിങ്ങളെ സമീപിക്കും. രേഖപ്പെടുത്താത്ത സംഭാഷണം എന്നൊന്നില്ല. ശ്രദ്ധിക്കണം. എന്തെങ്കിലുമൊക്കെ പറയുന്നതിന് മുമ്പ് വസ്തുത എന്താണെന്ന് അന്വേഷിക്കുക’- മോദി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
അശാസ്ത്രീയമായും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധരാണ് മോദി അടക്കമുള്ള എന്‍.ഡി.എ നേതാക്കള്‍. നേരത്തെ ബാലാക്കോട്ട് ആക്രമണത്തില്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ആക്രമണം നടത്താന്‍ താന്‍ സൈന്യത്തെ ഉപദേശിച്ചെന്ന മോദിയുടെ പ്രസ്താവന വിവാദമായിരുന്നു.
മേഘാവൃതമായ ആകാശത്തില്‍ റഡാറുകള്‍ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ തിരിച്ചറിയാന്‍ കഴിയില്ലെന്നതായിരുന്നു മോദിയുടെ യുക്തി. നേരത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനയും വ്യാപകമായ പരിഹാസങ്ങള്‍ക്ക് ഇരയായിരുന്നു.
ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ടാണ് മോദി പ്രസംഗിക്കാന്‍ തുടങ്ങിയത്.
ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.
എന്‍.ഡി.എയ്ക്ക് കിട്ടിയ ഈ വലിയ ജനവിധി വലിയ ഉത്തരവാദിത്വവും കൊണ്ടു വരുന്നുണ്ട്. അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ല. എന്‍.ഡി.എയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഈ വര്‍ഷം മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കി. ഭയത്തില്‍ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു
പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്‍. ഭരണഅനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങള്‍ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാന്‍ സാധിച്ചത്- മോദി പറഞ്ഞു.