| Sunday, 7th November 2021, 10:09 am

മരക്കാറിന്റെ റിലീസ് ദിവസം കരിദിനം ആചരിക്കും; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പെന്ന് ഫിയോക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണ് നീക്കമെന്നും സംഘടന അറിയിച്ചു.

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടന തീരുമാനത്തിലെത്തിയത്. സിനിമാ തിയേറ്ററില്‍ അന്നേ ദിവസം കരിങ്കൊടി കെട്ടും. ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നും തീരുമാനത്തിന് വിപരീതമായി മരക്കാര്‍ റിലീസ് ചെയ്യുന്ന തിയേറ്റര്‍ ഉടമകളെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.

മോഹന്‍ലാലിന്റെ ആരാധകരുടെ ആവശ്യത്തെത്തുടര്‍ന്ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ശേഷം മരക്കാര്‍ തിയേറ്ററിലും റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ ഫിയോക് പ്രസ്താവന നടത്തിയത്.

മോഹന്‍ലാലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മരക്കാര്‍ ഒ.ടി.ടിയ്ക്ക് വിടുന്നതെന്ന് ആന്റണി നേരത്തെ പറഞ്ഞിരുന്നു. നിര്‍മാതാവിന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Feuok decides to reject Marakkar for theatre after OTT release

We use cookies to give you the best possible experience. Learn more