| Monday, 25th October 2021, 10:51 am

ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല; പൃഥ്വിരാജിനേയും ആന്റണി പെരുമ്പാവൂരിനേയും വിലക്കുമെന്ന വാര്‍ത്ത തെറ്റെന്ന് ഫിയോക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ പൃഥ്വിരാജിന്റേയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റേയും ചിത്രങ്ങള്‍ക്ക് തിയ്യേറ്ററില്‍ വിലക്കേര്‍പ്പെടുത്തുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഫിയോക്ക്.

ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ചിലര്‍ വെറും ഊഹാപോഹങ്ങള്‍ എഴുതിവിടുകയാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരള സെക്രട്ടറി എം.സി. ബോബി പറഞ്ഞു.

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആരും തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജും ജോജു ജോര്‍ജും പ്രധാനകഥാപാത്രങ്ങളാകുന്ന ‘സ്റ്റാര്‍’ എന്ന ചിത്രം ഒക്ടോബര്‍ 29ന് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പോകുകയാണ്. പിന്നെയെന്ത് വിലക്ക്.

ആരുടേയും ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന തീരുമാനം ഞങ്ങള്‍ എടുത്തിട്ടില്ല. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ല.

ആന്റണി പെരുമ്പാവൂര്‍ അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി തന്നെ എടുത്തതാണ്. 80 കോടി മുതല്‍മുടക്കില്‍ എടുത്ത ‘മരക്കാര്‍’ എന്ന പടം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഒ.ടി.ടി റിലീസ് ചെയ്തതിന്റെ പേരില്‍ ആരേയും കുറ്റപ്പെടുത്താന്‍ പറ്റില്ല. സാഹചര്യം അതാണ്.

തിയറ്ററുകള്‍ അടഞ്ഞു കിടന്നതുകൊണ്ടാണല്ലോ ഇവര്‍ ഒ.ടി.ടിക്ക് വേണ്ടി സിനിമ എടുത്തത്. തിയറ്റര്‍ തുറക്കുമ്പോള്‍ തിയറ്ററിലേക്ക് വേണ്ടി തന്നെ സിനിമയെടുക്കും എന്ന് മിക്കവരും ഉറപ്പു നല്‍കിയിട്ടുണ്ട്.

എത്രയോ പടങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. അതില്‍ ഞങ്ങള്‍ ഒരു എതിര്‍പ്പും അറിയിച്ചിട്ടില്ല. അവരുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ സാധിച്ചതുകൊണ്ട് തന്നെയാണ് അത്തരമൊരു നിലപാട് എടുത്തതെന്നും എം.സി. ബോബി പറഞ്ഞു.

പൃഥ്വിരാജ് ചിത്രങ്ങള്‍ നിരന്തരമായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ചില തിയേറ്റര്‍ ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

പൃഥ്വിയുടെ അവസാന മൂന്ന് ചിത്രങ്ങളും ഒ.ടി.ടിയിലൂടെയായിരുന്നു പുറത്തിറങ്ങിയത്. കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്ത് വന്നത്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം 2 വും ഒ.ടി.ടി റിലീസായിരുന്നു. ബ്രോ ഡാഡിയും നിലവില്‍ ഒ.ടി.ടി റിലീസാണ് തീരുമാനിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Feuok Antony Perumbavoor Prithviraj Movie  ban

We use cookies to give you the best possible experience. Learn more