കോഴിക്കോട്: ഏപ്രില്‍ 17 ബുധനാഴ്ച കോഴിക്കോട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷകേന്ദ്രത്തിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തില്‍ ഒരു അപൂര്‍വ ശസ്ത്രക്രിയ നടന്നു. 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായിരുന്നു അത്.
മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ പുറത്തെടുത്തത്.
ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അപൂര്‍മായ ഈ സംഭവമെന്നും അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.
ഫീറ്റസ് ഇന്‍ ഫീറ്റു എന്നാണ് ഈ അപൂര്‍വ രോഗാവസ്ഥയുടെ പേര്. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് ഒരു ഇരട്ട മറ്റേ ഭ്രൂണത്തിന്റെ വയറില്‍ അകപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 1808 ല്‍ ജോര്‍ജ് വില്യം യംഗാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
അത്യപൂര്‍വമായ ഈ രോഗനിര്‍ണയം നടത്തിയത് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡോ. ഹരി പി.എസ് ആണ്. നവജാത ശിശുവിന്റെ വയറില്‍ ഉള്ള തടിപ്പ് എന്താണെന്ന്് അറിനായാണ് മലപ്പുറത്തെ ദമ്പതിമാര്‍ ആശുപത്രിയില്‍ എത്തിയതെന്നും തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് രോഗനിര്‍ണയം സാധ്യമായതെന്നും ഡോ. ഹരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”വളരെ അപൂര്‍വമായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. 1808ല്‍ ആണ് ആദ്യമായി ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ 220 വര്‍ഷമായിട്ട് ലോകത്തില്‍ തന്നെ 100 ല്‍ താഴെ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ ഇതിന് മുന്‍പ് ഇത്തരം സ്‌കാനിങ് റിപ്പോര്‍ട്ടുകളൊന്നും ഇല്ല.
വയറിനകത്ത് ഇരട്ടകളായിരിക്കാം ഈ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നത്. വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വെച്ച് ഒരു കുട്ടി മറ്റേ കുട്ടിയുടെ വയറിനകത്ത് പെടുകയാണ്. ഈ കുഞ്ഞ് ജനിച്ച് അഞ്ചാമത്തെ ദിവസമാണ് മാതാപിതാക്കള്‍ എന്നെ സ്‌കാനിങ്ങിനായി സമീപിക്കുന്നത്.
വയറിന് ഒരു തടിപ്പുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. ഉടന്‍ തന്നെ സ്‌കാനിങ് ചെയ്തുനോക്കി. ആ ഘട്ടത്തില്‍ ലിവറിനും കിഡ്‌നിക്കും ഇടയില്‍ ഒരു ഫ്‌ളൂയിഡ് കണക്ഷനും കൈയും തലയും കാലും ഏതെന്ന് മനസിലാവാത്ത മറ്റൊരു അവയവും കണ്ടു. അപ്പോള്‍ തന്നെ അതിന്റെ ത്രിഡി സ്‌കാനിങ് ചെയ്തു. അതിന്റെ ഇമേജുകളെല്ലാം പരിശോധിച്ചപ്പോഴാണ് ഇത് ഫീറ്റസ് ഇന്‍ ഫീറ്റു എന്ന എക്‌സ്ട്രീമിലി റെയര്‍ കണ്ടീഷനാണെന്ന് മനസിലാകുന്നത്. അങ്ങനെ ആ റിപ്പോര്‍ട്ടുമായി അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു.
ഫെബ്രുവരി 22 നാണ് ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത്. അന്ന് അഞ്ച് ദിവസമാണ് കുഞ്ഞിന്റെ പ്രായം. കഴിഞ്ഞയാഴ്ച, അതായത് 45 ാമത്തെ ദിവസമാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. ഇതില്‍ ഡയഗ്നോസാണ് ഏറ്റവും ക്രിട്ടിക്കലായുള്ള ഏരിയ എന്നാണ് മനസിലാക്കുന്നത്. – ഡോ. ഹരി പറയുന്നു.
കേരളത്തില്‍ ആദ്യമായി ഇത്തരമൊരു രോഗാവസ്ഥ ഡയഗ്നോസ് ചെയ്യുന്നത് ഡോ. ഹരിയാണ്. ഫീറ്റസ് ഇന്‍ ഫീറ്റുവിന്റെ ത്രിഡി ഇമേജുകളൊന്നും ഇതുവരെ ആര്‍ക്കും ലഭ്യമായിരുന്നില്ല.
ഒരു കുട്ടിയെങ്ങനെ മറ്റേ കുട്ടിയുടെ വയറില്‍പ്പെട്ടു എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നതെന്നും എല്ലാവര്‍ക്കും ആശ്ചര്യമായിരുന്നു ഇത്തരമൊരു സംഭവമെന്നുമാണ് ഡോ. ഹരി പറയുന്നത്.
” ആദ്യഘട്ടത്തില്‍ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന് ഡയഗ്നോസ് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ കിഡ്‌നിയിലെ തടിപ്പ് ആണെന്നോ മറ്റോ കരുതുമായിരുന്നു. കാരണം കിഡ്‌നിയുടെ അടുത്തായാണ് ഇത് കിടക്കുന്നത്. കിഡ്‌നിയില്‍ തടിപ്പാണെന്ന റിപ്പോര്‍ട്ടാണ് കൊടുക്കുന്നതെങ്കില്‍ ഓപ്പറേറ്റ് ചെയ്യുന്നവര്‍ കിഡ്‌നി അടക്കം എടുത്തുമാറ്റും. ബയോക്‌സിയ്‌ക്കോ മറ്റോ വേണ്ടി പത്തോളജിയില്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഇത് കിഡ്‌നിയിലെ തടിപ്പല്ലെന്നും ഒരു ഭ്രൂണമാണെന്നും തിരിച്ചറിയുക.
ഡോ. ഹരി പി.എസ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം തലവനായ ഡോ. പ്രതാപ് സോമനാഥിന്റെ യൂണിറ്റിലെ ഡോ. അരുണ്‍ പ്രീത്, ഡോ. ജഗദീശ്, ഡോ. അരുണ്‍ അജയ്, ഡോ. സന്തോഷ് കുമാര്‍,അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രാധ, ഡോ. രശ്മി, ഡോ. സിനിത, സിസ്റ്ററായ ആന്‍സി എന്നിവരാണ് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്.