കോംഗോയിൽ ഫെറി മുങ്ങി 38 പേർ മരണപ്പെട്ടു; 100 പേരെ കാണാതായി
World News
കോംഗോയിൽ ഫെറി മുങ്ങി 38 പേർ മരണപ്പെട്ടു; 100 പേരെ കാണാതായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2024, 1:47 pm

കിൻഷാസ: വടക്കുകിഴക്കൻ കോംഗോയിലെ ബുസിറ നദിയിൽ ഫെറി മുങ്ങി 38 പേർ മരണപ്പെട്ടു, 100ലധികം പേരെ കാണാതായി. ക്രിസ്മസിന് വീട്ടിലേക്ക് മടങ്ങുന്ന ആളുകളുമായി പോവുകയായിരുന്ന ഫെറി ഓവർ ലോഡ് കാരണമാണ് മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രാജ്യത്തിൻ്റെ വടക്ക്-കിഴക്ക് ഭാഗത്ത് മറ്റൊരു ബോട്ട് മറിഞ്ഞ് 25 പേർ കൊല്ലപ്പെട്ട് നാല് ദിവസത്തിന് പിന്നാലെയാണ് ഫെറി മുങ്ങിയത്. ക്രിസ്മസിന് വീട്ടിലേക്ക് മടങ്ങുന്ന വ്യാപാരികളായിരുന്നു യാത്രക്കാരെന്ന് ഇൻഗെൻഡെ മേയർ ജോസഫ് കങ്കോലിങ്കോളി പറഞ്ഞു.

ഇൻഗെൻഡെ നിവാസിയായ എൻഡോലോ കാഡി പറയുന്നതനുസരിച്ച് ബോട്ടിൽ 400ലധികം ആളുകൾ ഉണ്ടായിരുന്നു. ബോട്ടുകളിൽ അമിതഭാരം കയറ്റുന്നതിനെതിരെ കോംഗോ ഉദ്യോഗസ്ഥർ പലപ്പോഴും മുന്നറിയിപ്പ് നൽകുകയും നദികളിൽ സുരക്ഷാ നടപടികൾ ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ബോട്ടുകളിൽ അമിതഭാരം കയറ്റുന്നത് സ്ഥിരമാണ്.

ഒക്ടോബറിൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്ത് അമിതഭാരമുള്ള ബോട്ട് മുങ്ങി 78 പേർ മുങ്ങിമരിക്കുകയും ജൂണിൽ കിൻഷാസയ്ക്ക് സമീപം സമാനമായ അപകടത്തിൽ 80 പേർ മരിക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ ഫെറിയിൽ ഫ്ലോട്ടേഷൻ ഉപകരണങ്ങൾ സജ്ജീകരിക്കാത്തതിൽ സർക്കാരിനെതിരെ രോഷം ഉയരുന്നുണ്ട്.

Content Highlight: Ferry capsizes in Congo killing 38 and leaving 100 more missing