മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിഗ്നല്‍ കേബിളുകള്‍ മുറിച്ചു; രണ്ട് റെയില്‍വേ ജീവനക്കാരെ പിരിച്ചുവിട്ടു
Kerala News
മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിഗ്നല്‍ കേബിളുകള്‍ മുറിച്ചു; രണ്ട് റെയില്‍വേ ജീവനക്കാരെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th November 2021, 11:34 am

കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിഗ്‌നല്‍ കേബിള്‍ മുറിച്ച രണ്ട് റെയില്‍വേ ജീവനക്കാരെ പിരിച്ചുവിട്ടു. ജോലി സമയത്ത് മദ്യപിച്ചതിന് മേലുദ്യോഗസ്ഥന്‍ രണ്ടുപേര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നു.

ഫറോക്ക് സ്റ്റേഷനിലെ സിഗ്‌നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ടെക്നീഷ്യന്മാരായ കക്കോടി സ്വദേശി പ്രവീണ്‍രാജ്, സുല്‍ത്താന്‍ബത്തേരി സ്വദേശി കോട്ടൂര്‍ ജിനേഷ് എന്നിവരെയാണ് പിരിച്ചുവിട്ടത്.

കഴിഞ്ഞ മാര്‍ച്ച് 24നായിരുന്നു സിഗ്‌നല്‍ കേബിളുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വന്നു.

ആര്‍.പി.എഫ് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ തന്നെയാണ് കേബിള്‍ മുറിച്ചതെന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശീലനവും ഇക്കാര്യത്തില്‍ അറിവും ഉള്ളവര്‍ക്ക് മാത്രമേ സിഗ്‌നല്‍ കേബിളുകള്‍ ഇത്തരത്തില്‍ മാറ്റാന്‍ പറ്റൂവെന്ന് ആര്‍.പി.എഫ് കണ്ടെത്തിയിരുന്നു.

സാക്ഷിമൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താന്‍ സഹായകമായി. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുവരേയും സസ്പെന്‍ഡ് ചെയ്യ്തിരുന്നു.

കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം 5 കിലോമീറ്റര്‍ ദൂരപരിധിയില്‍ അഞ്ചിടങ്ങളിലാണ് കേബിളുകള്‍ മുറിച്ചതായി കണ്ടെത്തിയത്. രണ്ടുമണിക്കൂര്‍ അറ്റകുറ്റപ്പണി നടത്തിയാണ് സിഗ്‌നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Feroke Railway station workers suspended