കിരീട ഫേവറിറ്റുകളായ ടീം പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിയേണ്ടി വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഇതോടെ പുതിയൊരു പരിശീലകനെ തേടുകയാണ് പോർച്ചുഗൽ.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്താണെന്ന് അറിയില്ലെങ്കിലും മികച്ച യുവതാരങ്ങളുള്ള ടീമിനെ മുന്നോട്ടു നയിക്കാൻ കഴിവ് തെളിയിച്ച ഒരു പരിശീലകനെ തന്നെയാണ് പോർച്ചുഗൽ തേടുന്നത്.
ലോകഫുട്ബോളിലെ വമ്പൻ പരിശീലകരിൽ ഒരാളായ ഹോസെ മൗറീഞ്ഞോയെ പോർച്ചുഗൽ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോർട്ടോ, ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുകയും നാല് വ്യത്യസ്‌ത ലീഗ് കിരീടങ്ങൾ ഉയർത്തുകയും ചെയ്‌തിട്ടുള്ള മൗറീഞ്ഞോക്ക് പോർച്ചുഗലിനെ മികച്ച ഫോമിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഇറ്റാലിയൻ ലീഗായ സീരി എയിൽ എസ്.എസ് റോമയുടെ പരിശീലകനാണ് മൗറീഞ്ഞോ. റോമയുടെ പരിശീലകനായി തുടരുന്നതിനൊപ്പം പോർച്ചുഗൽ ദേശീയ ടീമിനെയും പരിശീലിപ്പിക്കാനുള്ള ഓഫറാണ് പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ 59കാരനായ മൗറീഞ്ഞോക്ക് മുന്നിൽ വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
2000ൽ ബെനഫിക്കയുടെ പരിശീലകനായി അരങ്ങേറിയ മൗറീഞ്ഞോ പിന്നീട് എഫ്.സി പോർട്ടോ, ചെൽസി, ഇൻറർ മിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പർ, റോമ ടീമുകളുടെയും പരിശീലകനായി ചുമതലയേറ്റിട്ടുണ്ട്.
അതേസമയം ലോകകപ്പിനിടെ റൊണാൾഡോയും ഫെർണാണ്ടോ സാൻറോസും അത്ര രസത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നോക്കൗട്ട് ഘട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിച്ചിരുന്നില്ല.
പകരം വന്ന ഗോൺസാലോ റാമോസ് ഹാട്രിക്ക് അടിച്ച് തിളങ്ങിയതോടെ മൊറോക്കോക്കെതിരായ ക്വാർട്ടർ പോരാട്ടത്തിലും റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയില്ല.
എന്നാൽ ആദ്യ പകുതിയിൽ മൊറോക്കോ ലീഡെടുത്തതോടെ സാൻറോസ് രണ്ടാം പകുതിയുടെ തുടക്കത്തിലെ റൊണാൾഡോയെ ഇറക്കിയെങ്കിലും മത്സരത്തിൽ പോർച്ചുഗൽ തോൽവി വഴങ്ങുകയായിരുന്നു.
Content Highlights: Fernando Santos, Mourinho