ആധുനിക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ വാനോളം പുകഴ്ത്തി അര്‍ജന്റൈന്‍ പാഡല്‍ ഇതിഹാസം ഫെര്‍ണാണ്ടോ ബെലാസ്‌റ്റെഗ്വിന്‍. ഫ്രാന്‍സില്‍ മെസിക്കൊപ്പം അത്താഴം കഴിച്ചതിന് ശേഷം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബെലാസ്‌റ്റെഗ്വിന്‍ മെസിയെ പ്രശംസിച്ചത്. മെസിയുടെ സിംപ്ലിസിറ്റി കരിയറില്‍ താരം നേടിയ എല്ലാ ഉന്നതികള്‍ക്കും അപ്പുറമാണെന്നും ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെന്നും ബെലാസ്‌റ്റെഗ്വിന്‍ തന്റെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റില്‍ പറഞ്ഞു.
പി.എസ്.ജിയുടെ മിഡ് ഫീല്‍ഡര്‍ താരം മാര്‍ക്കോ വെരാട്ടിക്കൊപ്പമാണ് ബെലാസ്‌റ്റെഗ്വിന്‍ മെസിയെ കണ്ടുമുട്ടിയത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം നല്ലൊരു സായാഹ്നം പങ്കുവെക്കാന്‍ അവസരം ഒരുക്കിയതിന് വെരാട്ടിക്ക് ബെലാസ്‌റ്റെഗ്വിന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കൃതജ്ഞത അറിയിച്ചു.
Cena que recordaré toda mi vida.
Muchas gracias Marco Verratti por hacerlo posible!!!!!! Estaré siempre en deuda con vos.@leomessisite tu sencillez en la cercanía es mucho más grande que los logros deportivos, eternamente agradecido CAPITÁN 🇦🇷 pic.twitter.com/lbms63lJbV
— FernandoBelasteguin (@FBelasteguin) May 16, 2023
‘ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഓര്‍ത്തിരിക്കുന്ന അത്താഴം! ഈ രാത്രിക്ക് മാര്‍ക്കോ വെരാട്ടിയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ലയണല്‍ മെസി, നിങ്ങളുടെ സിംപ്ലിസിറ്റി കരിയറില്‍ നിങ്ങള്‍ സ്വന്തമാക്കിയ എല്ലാ നേട്ടങ്ങള്‍ക്കും മുകളിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് നിങ്ങള്‍,’ ബെലാസ്‌റ്റെഗ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മറ്റൊരവസരത്തിലും ബെലാസ്‌റ്റെഗ്വിന്‍ മെസിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. മെസി ഒരു മികച്ച കായിക താരമെന്നതിലുപരി മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ എളിമ തന്നെ കീഴടക്കിയെന്നും ബെലാസ്‌റ്റെഗ്വിന്‍ പറഞ്ഞു. അര്‍ജന്റൈന്‍ സ്‌പോര്‍ട്‌സ് മാധ്യമമായ ഡെയ്‌ലി ഒലെക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെലാസ്‌റ്റെഗ്വിന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
അതേസമയം, പി.എസ്.ജിയില്‍ ലയണല്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെ താരം പാരീസിയന്‍ ക്ലബ്ബില്‍ തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
എന്നിരുന്നാലും, പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.