| Monday, 3rd July 2023, 5:29 pm

'പണം വാരിയെറിഞ്ഞാല്‍ സൗദിയിലേക്ക് പോകും'; സമ്മര്‍ ട്രാന്‍സ്ഫറിനെ കുറിച്ച് റയല്‍ മാഡ്രിഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ഉയര്‍ന്ന വേതനം ഓഫര്‍ ചെയ്താല്‍ സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് പോകുമെന്ന് റയല്‍ മാഡ്രിഡ് താരം ഫെര്‍ലാന്‍ഡ് മെന്‍ഡി. മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം 28കാരനായ മെന്‍ഡിയെ സ്വന്തമാക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍ രംഗത്തുണ്ട്. എന്നാല്‍ കൂടുതല്‍ പണം നല്‍കിയാല്‍ മാത്രമെ അറേബ്യന്‍ ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

2025 വരെ ലോസ് ബ്ലാങ്കോസുമായി കരാറുള്ള മെന്‍ഡിക്ക് പരിക്കുകളെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇതുവരെ 25 മത്സരങ്ങളിലാണ് റയല്‍ മാഡ്രിഡിനായി താരത്തിന് കളിക്കാന്‍ സാധിച്ചത്. ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യന്‍ ക്ലബ്ബിന്റെ ഓഫര്‍ വന്നാല്‍ മെന്‍ഡിയെ വില്‍ക്കാന്‍ റയല്‍ മാഡ്രിഡ് തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സൂപ്പര്‍ താരങ്ങള്‍ യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുന്ന കാഴ്ച്ചക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പുറമെ ഫ്രഞ്ച് സൂപ്പര്‍താരങ്ങളായ കരിം ബെന്‍സിമ, എന്‍ഗോളോ കാന്റെ എന്നിവരും അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറിയിരുന്നു.

ഇവര്‍ക്ക് പുറമെ യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് നിരവധി താരങ്ങള്‍ സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കൂട്ടത്തില്‍ ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയും അറേബ്യന്‍ മണ്ണിലേക്ക് നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് നിഷേധിച്ച് താരം രംഗത്തെത്തുകയായിരുന്നു.

താന്‍ കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്സലോണയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്റീരിയ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.

Content Highlights: Ferland Mendy wants to move to Saudi Arabia if they pay big

Latest Stories

We use cookies to give you the best possible experience. Learn more