ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷാക്തര്‍ ഡൊനെറ്റ്സ്‌കിസിനെ തോല്‍പ്പിച്ചു. എസ്റ്റാഡി ഒളിമ്പിക് ലൂയിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വികാരപരമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്.
മത്സരത്തിന്റെ 28ാം മിനിട്ടില്‍ സ്പാനിഷ് താരം ഫെറാന്‍ ടോറസ് ആണ് ബാഴ്സക്കായി ആദ്യ ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
ഈ ഗോള്‍ തന്റെ മരിച്ചുപോയ മുത്തശ്ശിക്ക് സമര്‍പ്പിക്കുകയായിരുന്നു ടോറസ്. ഈ ആഴ്ചയിലായിരുന്നു ടോറസിന്റെ മുത്തശ്ശി ഈ ലോകത്തോട് വിട പറഞ്ഞത്. തന്റെ ഗോള്‍ നേട്ടം ആഘോഷിക്കുമ്പോള്‍ താരം തന്റെ ജേഴ്‌സി ഉയര്‍ത്തുകയായിരുന്നു. ‘ഇത് നിങ്ങള്‍ക്കുള്ളതാണ് മുത്തശ്ശി’ എന്നായിരുന്നു ഷര്‍ട്ടില്‍ എഴുതിയിരുന്നത്.
ഈ സീസണില്‍ സ്പാനിഷ് ക്ലബ്ബിനൊപ്പം 12 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ ടോറസ് നേടിയിട്ടുണ്ട്. 2021ലാണ് ടോറസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും കറ്റാലന്‍ര്‍ക്കൊപ്പം ചേരുന്നത്. ബാഴ്സക്കൊപ്പം 83 മത്സരങ്ങളില്‍ നിന്നും 19 ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
മത്സരത്തില്‍ 28ാം മിനിട്ടില്‍ ടോറസിലൂടെ ബാഴ്സ മുന്നിലെത്തി. 36ാം മിനിട്ടില്‍ ഫെമിന്‍ ലോപസിലൂടെ ബാഴ്സ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബാഴ്സ 2-0ത്തിന് മുന്നിട്ട്‌നിന്നു.
രണ്ടാം പകുതിയില്‍ 56ാം മിനിട്ടില്‍ ഹെറാഹിറ്റി സുടക്കോവിലൂടെ ഷാക്തര്‍ മറുപടി ഗോള്‍ നേടികൊണ്ട് സ്‌കോര്‍ 2-1 എന്ന നിലയിലാക്കി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വിജയം കറ്റാലന്‍മാര്‍ സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ മൂന്ന് മത്സരവും വിജയിച്ചുകൊണ്ട് ഒന്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
ലാ ലിഗയില്‍ ഒക്ടോബര്‍ 28ന് റയല്‍ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Content highlight: Feran Torres dedicated his goal for the dead grandmother.