| Wednesday, 7th June 2023, 11:51 am

ഒരു മലയാള സിനിമ 200 കോടിയിലേക്ക് കടക്കാനുള്ള സാധ്യത നിര്‍മാതാക്കളുടെ സാമ്പത്തിക മോഹം കൊണ്ട് തകര്‍ക്കപ്പെട്ടു: വിജയകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018 സിനിമ ഒ.ടി.ടിക്ക് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. തിയേറ്ററുകളില്‍ 100 ദിവസം തികക്കാന്‍ സാധ്യതയുള്ള, 200 കോടി കളക്ഷന്‍ നേടാന്‍ സാധ്യതയുള്ള സിനിമയായിരുന്നു 2018 എന്ന് വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ ആ നേട്ടം നിര്‍മാതാവിന്റെ സാമ്പത്തിക മോഹം കൊണ്ട് തകര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു വിജയകുമാറിന്റെ പരാമര്‍ശങ്ങള്‍.

‘കൊവിഡിന് മുമ്പേ ചിത്രീകരണം തുടങ്ങിയ സിനിമയാണ് 2018. മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത സിനിമകള്‍ക്ക് 32 ദിവസത്തിനുള്ളില്‍ ഒ.ടി.ടിക്ക് കൊടുക്കാമെന്ന തീരുമാനം മുമ്പേ ഉണ്ട്. പക്ഷേ അതല്ല നമ്മുടെ വിഷയം. 42 ദിവസമോ 32 ദിവസമോ 75 ദിവസമോ എന്നുള്ളതല്ല.

തിയേറ്ററുകളില്‍ വളരെ നല്ല രീതിയില്‍ പോയ്‌ക്കൊണ്ടിരുന്ന സിനിമ, 100 ദിവസം തിയേറ്ററുകളില്‍ തികക്കാന്‍ സാധ്യതയുള്ള സിനിമ, ഒരു നിര്‍മാതാവിന്റെ ജീവിതത്തിലോ ഒരു തിയേറ്ററുകാരന്റെ ജീവിതത്തിലോ ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്ത പ്രക്രിയ, ആ ഒരു സംഭവത്തെയാണ് ഈ സിനിമയിലൂടെ നമ്മള്‍ നോക്കിക്കണ്ടത്.

മലയാളത്തിലേക്ക് ആദ്യമായി 200 കോടിയിലേക്ക് കടക്കാന്‍ സാധ്യതയുള്ള സിനിമ, ആ പ്രക്രിയയാണ് നിര്‍മാതാക്കളുടെ സാമ്പത്തിക മോഹം കൊണ്ട് തകര്‍ക്കപ്പെട്ടത്. അതിനോടുള്ള പ്രതിഷേധം കൂടിയാണ് ഇത്.

ഇവരൊക്കെ എക്‌സ്പീരിയന്‍സ് ഉള്ള നിര്‍മാതാക്കളാണ്. പക്ഷേ എക്‌സ്പീരിയന്‍സ് ഒരു ഭാഗത്ത്, പൈസ വേറെ ഒരു ഭാഗത്ത്. എക്‌സ്പീരിയന്‍സും പാരമ്പര്യവും മാറ്റിവെച്ചിട്ട് ആ പണക്കിഴി പുണരുന്നത് നമ്മള്‍ കണ്ടിട്ടുള്ളതല്ലേ,’ വിജയകുമാര്‍ പറഞ്ഞു.

2018 ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ് ഫിയോക്ക്. നേരത്തെ നിര്‍മാതാക്കളുമായി സംഘടനകള്‍ നടത്തിയ യോഗത്തില്‍ സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നു. ഈ ധാരണ പ്രകാരം റിലീസ് ചെയ്ത സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്നേ തന്നെ പല സിനിമകളും കരാര്‍ ലംഘിച്ച് ഒ.ടി.ടിയില്‍ എത്തുകയാണെന്നാണ് തിയേറ്ററുകാര്‍ പറയുന്നത്.

തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. ജൂണ്‍ ഏഴിനാണ് 2018 ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Feouk president Vijayakumar criticizing release of the 2018 film to OTT

We use cookies to give you the best possible experience. Learn more