| Wednesday, 13th September 2023, 2:07 pm

ഉമ്മൻ ചാണ്ടിയുടെ പേരിന് പകരം കത്തിൽ ഉണ്ടായിരുന്നത് ഗണേഷ് കുമാറിന്റേത്: ഫെനി ബാലകൃഷ്ണൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാർ കേസ് പരാതിക്കാരിയുടെ കത്തിൽ ഉണ്ടായിരുന്നത് ഗണേഷ് കുമാറിന്റെ പേരായിരുന്നു എന്നും ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ പി.എ പ്രദീപും ബന്ധു ശരണ്യ മനോജും ചേർന്ന് അത് ഒഴിവാക്കി ഉമ്മൻ ചാണ്ടിയുടെ പേര് ചേർക്കുകയായിരുന്നു എന്നും പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനിൽ ബാലകൃഷ്ണൻ.

പരാതിക്കാരിയുടേത് കത്ത് ആയിരുന്നില്ലെന്നും പെറ്റീഷന്റെ ഡ്രാഫ്റ്റ് ആയിരുന്നു എന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് താൻ കത്ത് ഗണേഷ് കുമാറിന്റെ പി.എക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

‘പരാതിക്കാരി എനിക്ക് നൽകിയ കത്തിൽ 21 പേജേ ഉണ്ടായിരുന്നുള്ളൂ. പത്തനംതിട്ട സബ് ജയിലിൽ നിന്ന് അതെടുത്ത് പുറത്തേക്ക് വന്നപ്പോൾ ഞാൻ അത് രേഖപ്പെടുത്തിയിരുന്നു. ശേഷം പരാതിക്കാരിയുടെ നിർദേശ പ്രകാരം ഗണേഷ് കുമാറിന്റെ പി.എ ആയ പ്രദീപിന് അത് കൈമാറി. പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ചുവന്ന കാറിൽ വന്നു. ആ കാറിൽ കയറിയാണ് ബാലകൃഷ്ണ പിള്ള സാറിന്റെ അടുത്തേക്ക് കൊണ്ടുപോയത്. അദ്ദേഹം അവിടെ ഇല്ലായിരുന്നു. കത്തുമായി പ്രദീപ് പോയി. ഒരു മൂന്ന് മണിക്കൂർ എന്നെ അവിടെ ഇരുത്തിയ ശേഷം ഇവർ വന്നിട്ട് പറഞ്ഞു എല്ലാം ഏർപാടാക്കിയിട്ടുണ്ട്, വക്കീലിനെ തിരിച്ചുകൊണ്ട് വിടുകയാണ് എന്ന്. അതിന് ശേഷം ആ അധ്യായം അവിടെ അവസാനിച്ചു’- ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

ജയിലിൽ നിന്നിറങ്ങി രണ്ട് ദിവസം തന്റെ വീട്ടിൽ താമസിച്ചതിന് ശേഷം ശരണ്യ മനോജിന്റെ വീട്ടിലാണ് ആറ് മാസത്തോളം പരാതിക്കാരി താമസിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ടായിരുന്നു എന്നും അത് പരാജയപ്പെട്ടതോടെ ശരണ്യ മനോജും പ്രദീപും തന്നെ സമീപിച്ചുവെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യ മനോജ്‌ തന്ന പേരുകളും ചേർത്ത് പത്രസമ്മേളനം നടത്താൻ ആവശ്യപ്പെടുകയായിരുന്നു എന്നും ഫെനി പറഞ്ഞു.

‘ഗണേഷ് കുമാറിന് മന്ത്രിയാകണം എന്നായിരുന്നു ആഗ്രഹം. ഇത് പരാജയപ്പെട്ടപ്പോഴാണ് ഞങ്ങളോട് പത്ര സമ്മേളനം വിളിക്കാൻ പറഞ്ഞത്. ശരണ്യ മനോജ് കത്ത് എഴുതി കൈയിൽ കൊണ്ടുവന്ന് തന്നു.

കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേയും ജോസ് കെ മാണിക്കെതിരേയും ലൈംഗികാരോപണം ഉണ്ടായിരുന്നു. ഇത് ശരിയല്ലാല്ലോ എന്ന് പറഞ്ഞപ്പോൾ, ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ്. അദ്ദേഹത്തിന് മന്ത്രിയാകാൻ പറ്റിയില്ല. മുഖ്യനെ താഴെയിറക്കണം എന്നായിരുന്നു ശരണ്യ മനോജ് പറഞ്ഞത്.

ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യ മനോജ് തന്ന പേരുകളും ചേർത്ത് പത്ര സമ്മേളനം നടത്താൻ പറഞ്ഞു. തുടർന്ന് പരാതിക്കാരി തന്നെ കൈപ്പടയിൽ എഴുതുകയായിരുന്നു,’ ഫെനി പറഞ്ഞു.

ദല്ലാൾ നന്ദകുമാറിനെ കൊണ്ടുവന്നത് ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടർന്നാണെന്നും ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്മാർ ശരണ്യ മനോജും പ്രദീപും ആണെന്നും അദ്ദേഹം ആരോപിച്ചു.

താൻ പത്രസമ്മേളനം നടത്തിയത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണെന്നും ഇനി ആർക്കെതിരെയും ഇതുപോലെ ആരോപണം ഉണ്ടാകരുതെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

Content Highlight: Feni Balakrishnan press meet on solar case against KB Ganesh Kumar

We use cookies to give you the best possible experience. Learn more