ചെന്നൈ: തമിഴ്നാട്ടില്‍ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെംഗല്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. കരയിലേക്ക് കടന്നതിന് ശേഷം, ഫെംഗല്‍ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കരയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണ് തമിഴ്നാട്ടില്‍ പരക്കെ ഉണ്ടാക്കിയിരിക്കുന്നത്. ചെന്നൈയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാല് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 164 കുടുംബങ്ങളിലെ 471 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മഴ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. കൂടാതെ, ചെന്നൈ വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഞായറാഴ്ച പുലര്‍ച്ചെ നാല് മണിവരെ നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പലയിടത്തും ഉയര്‍ന്ന വേലിയേറ്റവും കനത്ത മഴയും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഫെംഗല്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അവരുടെ ബോട്ടുകളും ഉപകരണങ്ങളും ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റാനും പുതുച്ചേരി ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.
കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്നും, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ട് നല്‍കി.
Content Highlight: Fengal Cyclone make; Four dead in Chennai, heavy rain likely in next hour