തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന് വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ്. യുവജന കമ്മീഷനാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്. ദിശ എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. രാഹുല്‍ ഈശ്വറിന് മാധ്യമങ്ങള്‍ ഇടം നല്‍കരുതെന്നും കമ്മീഷന്‍ പറഞ്ഞു. നടി ഹണി റോസിന്റെ വസ്ത്രധാരണം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെയാണ് പരാതി.
നേരത്തെ നടി ഹണി റോസ് രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെയും മറ്റും തന്നെ അധിക്ഷേപിച്ചെന്നായിരുന്നു ഹണിയുടെ പരാതി.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹണി രംഗത്തെത്തിയത്.
തന്ത്രി കുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി വിമര്‍ശിച്ചിരുന്നു.
പിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി ഹണി റോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഇയാള്‍ നടത്തുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷനാണെന്നും ഹണി വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അഭിപ്രായ പ്രകടനമാണ് താന്‍ നടത്തിയതെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം.
എന്നാൽ രാഹുലിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു.
Content Highlight: Femininity was insulted; Youth commission filed a case against Rahul Easwar