മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ ബ്രൂസ്‌ലി ബിജിയെന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഫെമിന ജോര്‍ജ്.
മികച്ച ഒരു കഥാപാത്രത്തെ തന്നെ ആദ്യ സിനിമയില്‍ ലഭിക്കുക, ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അതെത്തുക, ഫെമിനയെ സംബന്ധിച്ച് ഇതെല്ലാം സ്വപ്‌ന സാക്ഷാത്കാരമാണ്.
സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും എന്നാല്‍ ആഗോള റിലീസായി എത്തുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയുടെ ഭാഗമാകണമെന്ന് ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ലെന്നാണ് ഫെമിന പറയുന്നത്. ഫ്‌ളാഷ് മൂവീസിന്റെ സ്റ്റാര്‍ ടോക്കില്‍ സംസാരിക്കുകയായിരുന്നു ഫെമിന.
‘ ഒരു ബമ്പര്‍ ലോട്ടറി അടിച്ച അവസ്ഥയായിരുന്നു അപ്പോള്‍. നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് തുടക്കം കുറിക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിരുള്ളൂ. മികച്ച കഥാപാത്രത്തെ ആദ്യസിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ‘ഈശ്വരാ ഞാന്‍ ഇതിന്റെ ഭാഗമായോ’ എന്ന് സ്വയം ചോദിക്കാറുണ്ട്.
ഭാഗ്യം എന്നില്‍ എവിടെയോ കിടക്കുന്നതുകൊണ്ടാവും ഇങ്ങനെ സംഭവിച്ചത്. ബേസിലേട്ടന്‍ നല്ല നിര്‍ദേശം തന്നതിന്റെ ഗുണം തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. ടൊവി ചേട്ടന്റെ കൂടെ രണ്ട് സീന്‍ അധികം ഉണ്ടെങ്കില്‍ പോലും ടെന്‍ഷന്‍ തോന്നിയില്ല. എനിക്ക് വേണ്ടി രണ്ടോ മൂന്നോ ടേക്ക് കൂടുതല്‍ പോയാലും ടൊവി ചേട്ടന്‍ അവിടെ നില്‍ക്കും. അതുപോലെ തന്നെ മടികാണിക്കാതെ ബേസിലേട്ടനും എന്നെ കംഫര്‍ട്ടാക്കി,’ ഫെമിന പറയുന്നു.
അഭിനയത്തോടായിരുന്നു എന്നും ഇഷ്ടം. ആ ആഗ്രഹം വളര്‍ന്നപ്പോള്‍ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചു. ഓഡിഷന്‍ വിടാതെ പിടിച്ചു. ഇന്‍സ്റ്റഗ്രാമില്‍ മിന്നല്‍ മുരളിയുടെ ഓഡിഷന്‍ കോള്‍ കണ്ടാണ് അയയ്ക്കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് അറിയുന്നവരെയാണ് വേണ്ടത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ടാഴ്ച കരാട്ടെ ക്ലാസില്‍ പങ്കെടുത്തതിന്റെ ധൈര്യത്തില്‍ വെറുതെ അയച്ചു. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ പറഞ്ഞു. പിന്നെ ട്രെയിനിങ്ങും ഗ്രൂമിങ്ങും തന്നു മെല്ലെ മിന്നല്‍ മുരളിയുടെ ഭാഗമായി തീര്‍ന്നു. ഫെമിന പറയുന്നു.