| Friday, 31st December 2021, 5:36 pm

ബ്രൂസ്‌ലി നേരിട്ട് മിന്നല്‍ മുരളിയുമായി കോര്‍ക്കുന്ന രംഗത്തിനായി ഒരാഴ്ച പരിശീലിച്ചു, ചമ്മിയ എക്‌സ്‌പ്രെഷന്‍ കാണിച്ചുതന്നത് ബേസിലേട്ടന്‍: ഫെമിന ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയില്‍ ജെയ്‌സനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമാണ് ഫെമിന ജോര്‍ജ് അവതരിപ്പിച്ച ബ്രൂസ്‌ലി ബിജി. സാധാരണ സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഹീറോയ്ക്ക് രക്ഷിക്കാനുള്ള നായിക എന്നതിലപ്പുറം നായകനൊപ്പം പോരുന്ന ഹീറോയിസം കാണിച്ച് നാടിനെ രക്ഷിക്കാനും ബിജിക്കായി. ആദ്യ സിനിമയില്‍ തന്നെ നല്ല കഥാപാത്രത്തെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫെമിന.

ചിത്രത്തില്‍ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു ബ്രൂസ്‌ലി ബിജിയും മിന്നല്‍ മുരളിയും സ്‌കൂളില്‍ വെച്ച് നടത്തിയ സംഘട്ടനംരംഗവും പിന്നീടുള്ള ബിജിയുടെ വീഴ്ചയും. ഒരാഴ്ചയെടുത്താണ് താനാ രംഗം ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയതെന്ന് പറയുകയാണ് ഫെമിന. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫെമിന ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘വ്‌ളാഡ് ആയിരുന്നു ആക്ഷന്‍ ചെയ്തിരുന്നത്. സ്‌കൂളിലെ സംഘട്ടനം ചിത്രീകരിക്കുന്നതിന് മുന്‍പ് വ്‌ളാഡിന് എന്നെ കാണണമെന്ന് പറഞ്ഞു. അന്ന് ബ്രൂസ്‌ലി എന്താണ് ചെയ്യാന്‍ പോകുന്നതെന്നുള്ളതിനെ പറ്റി ഒരു മണിക്കൂര്‍ ക്ലാസെടുത്തു. മിന്നല്‍ മുരളി എല്ലാവരേയും ഇടിച്ചിടുമ്പോള്‍ ബ്രൂസ്‌ലി അടുത്ത് ചെന്ന് അടിക്കുകയാണ്. അപ്പോഴുള്ള മൂവ് എങ്ങനെയായിരിക്കണമെന്നൊക്കെ പറഞ്ഞുതന്നു.

ടൊവി ചേട്ടന്റെ ഡ്യൂപ്പ് ചെയ്ത സെഫയോടൊപ്പമാണ് ഞാന്‍ പ്രാക്ടീസ് ചെയ്തത്. അപ്പൊഴൊന്നും എനിക്ക് സ്പീഡില്ലായിരുന്നു. പക്ഷേ ഒരാഴ്ച കൂടി സമയമുള്ളതിനാല്‍ അതിനുള്ളില്‍ പഠിച്ചെടുത്താല്‍ മതിയെന്ന് പറഞ്ഞു. പിന്നെ ഒരാഴ്ച ഷൂട്ട് കഴിഞ്ഞ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ പ്രാക്ടീസ് ചെയ്യുമായിരുന്നു. അങ്ങനെയാണ് എനിക്ക് സ്പീഡ് ആയത്,’ ഫെമിന പറഞ്ഞു.

സംഘട്ടനത്തിന് ശേഷമനുള്ള ബിജിയുടെ വീഴ്ചയെ പറ്റിയും ഫെമിന സംസാരിച്ചു.

‘നിലത്ത് വീണതിന് ശേഷമുള്ള ബിജിയുടെ എക്‌സപ്രെഷന്‍ കാണിച്ചു തന്നത് ബേസില്‍ ചേട്ടനാണ്. ചമ്മിയ റിയാക്ഷനാണ് വേണ്ടത്. ബേസിലേട്ടനാണ് വീഴുന്നതെങ്കിലുള്ള റിയാക്ഷന്‍ കാണിച്ചു തന്നു. അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അതുകഴിഞ്ഞ് എന്റെ രീതിയില്‍ ഒരു റിയാക്ഷന്‍ ഇടാന്‍ പറഞ്ഞു. അതും കാണിച്ചു. അങ്ങനെയൊക്കെയാണ് ആ സീന് വര്‍ക്കൗട്ട് ആയത്. പക്ഷേ ആ സീനൊക്കെ ജനങ്ങള്‍ക്ക് ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല,’ ഫെമിന കൂട്ടിച്ചേര്‍ത്തു.

ഓഡിഷനിലൂടെയായിരുന്നു ഫെമിന ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. ആദ്യം അഭിനയിച്ച് കാണിക്കാനാവശ്യപ്പെട്ടത് സ്‌നേഹ ജോര്‍ജ് അവതരിപ്പിച്ച ജെയ്‌സന്റെ സഹോദരിയുടെ കഥാപാത്രമായിരുന്നു എന്നും ഫെമിന പറഞ്ഞു. അതിനു ശേഷം ഭാരം കുറച്ച് വരണമെന്നാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്.

ഭക്ഷണം കുറച്ചും ജിമ്മിലെ പരിശീലനം കൊണ്ടും ആറ് കിലോയാണ് ചിത്രത്തിന് വേണ്ടി ഫെമിന കുറച്ചത്. മുന്‍പ് രണ്ടാഴ്ച കരാട്ടെ പഠിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു കരാട്ടെ മാസ്റ്ററായി മിന്നല്‍ മുരളിയിലെത്തിയത്.

കഴിഞ്ഞ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു. ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: femina george says that she takes one week to practice the action sequence with minnal murali

We use cookies to give you the best possible experience. Learn more