മിന്നല്‍ മുരളിയില്‍ ജെയ്‌സനൊപ്പം തന്നെ കയ്യടി നേടിയ കഥാപാത്രമാണ് ഫെമിന ജോര്‍ജ് അവതരിപ്പിച്ച ബ്രൂസ്‌ലി ബിജി. സാധാരണ സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഹീറോയ്ക്ക് രക്ഷിക്കാനുള്ള നായിക എന്നതിലപ്പുറം നായകനൊപ്പം പോരുന്ന ഹീറോയിസം കാണിച്ച് നാടിനെ രക്ഷിക്കാനും ബിജിക്കായി. ആദ്യ സിനിമയില്‍ തന്നെ നല്ല കഥാപാത്രത്തെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫെമിന.
തന്നെ വേണ്ടെന്ന് വെച്ച കാമുകനായ അനീഷിനെ ചിവിട്ടി താഴെയിടുന്നതാണ് ചിത്രത്തില്‍ ബ്രൂസ്‌ലി ബിജിയുടെ ഇന്‍ട്രോ. എന്നാല്‍ യഥാര്‍ഥത്തില്‍ ആ രംഗമായിരുന്നില്ല ആദ്യം ചിത്രീകരിച്ചതെന്ന് പറയുകയാണ് ഫെമിന. താന്‍ കരയുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തതെന്നും എന്നാല്‍ അത് കട്ട് ചെയ്ത് കളയുകയായിരുന്നുവെന്നും ഫെമിന പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കട്ട് ചെയ്ത് രംഗത്തെ പറ്റി ഫെമിന പറഞ്ഞത്.
‘എനിക്ക് തന്ന സ്‌ക്രിപ്റ്റിലും, ഷൂട്ടിംഗിലും വേറൊരു സീനായിരുന്നു ആദ്യം ചെയ്തത്. ഒരു കരാട്ടെ സ്റ്റുഡന്റിന്റെ മുന്നിലിരുന്നു ബിജി കരയുകയാണ്. ‘അവനെന്നെ ഇട്ടിട്ട് പോയി. ഗള്‍ഫില്‍ പോയി കാശായപ്പോള്‍ അവനെന്നെ വേണ്ടാതായി. ഇതുവഴി കീറിയ ലുങ്കി ഇട്ട് നടന്നവനാണ്.
അവനെ ഞാനാണ് ഗള്‍ഫില്‍ വിട്ടത് എന്നെല്ലാം പറഞ്ഞ് കരയുകയാണ്. അപ്പോഴാണ് അനീഷിന്റെ എന്‍ട്രി. ഞാന്‍ കരഞ്ഞ കാര്യം ആരോടും പറയണ്ട എന്ന് പറഞ്ഞ് കുട്ടിയെ പറഞ്ഞ് വിട്ട് അനീഷിനോടുള്ള ഫ്രസ്‌ട്രേഷനിലും ദേഷ്യത്തിലുമാണ് ബിജി അവനെ ചവിട്ടി താഴെയിടുന്നത്.
അതു കഴിഞ്ഞാണ് ഞാന്‍ പുറത്ത് വരുന്നത്. എന്നാല്‍ ഡബ്ബിംഗിന് ചെന്നപ്പോള്‍ ആ സീന്‍ അവര്‍ എടുത്ത് മാറ്റിയിരുന്നു,’ ഫെമിന പറഞ്ഞു.
പക്ഷേ ഇപ്പോഴുള്ള ഇന്‍ട്രോ ആണ് ബെസ്റ്റ് ഇന്‍ട്രോ എന്നും കരയുന്ന ബിജിയെ കണ്ടാല്‍ ആ കഥാപാത്രം അത്ര ബോള്‍ഡാണെന്ന് ആളുകള്‍ക്ക് തോന്നില്ലയെന്നും ഫെമിന കൂട്ടിച്ചേര്‍ത്തു.
ഓഡിഷനിലൂടെയായിരുന്നു ഫെമിന ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. ആദ്യം അഭിനയിച്ച് കാണിക്കാനാവശ്യപ്പെട്ടത് സ്‌നേഹ ജോര്‍ജ് അവതരിപ്പിച്ച ജെയ്‌സന്റെ സഹോദരിയുടെ കഥാപാത്രമായിരുന്നു എന്നും ഫെമിന പറഞ്ഞു. അതിനു ശേഷം ഭാരം കുറച്ച് വരണമെന്നാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്.
ഭക്ഷണം കുറച്ചും ജിമ്മിലെ പരിശീലനം കൊണ്ടും ആറ് കിലോയാണ് ചിത്രത്തിന് വേണ്ടി ഫെമിന കുറച്ചത്. മുന്‍പ് രണ്ടാഴ്ച കരാട്ടെ പഠിച്ചതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു കരാട്ടെ മാസ്റ്ററായി മിന്നല്‍ മുരളിയിലെത്തിയത്. ഒപ്പം ബേസിലിന്റെ കുറച്ച് ടിപ്‌സുമുണ്ടായിരുന്നു.
ഹാസ്യവും അനായാസമായാണ് ഫെമിന മിന്നല്‍ മുരളിയില്‍ അവതരിപ്പിച്ചത്. അഭിനയത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും ഫെമിന പറഞ്ഞു.
കഴിഞ്ഞ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.
ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിച്ചത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു. ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: femina george about her charcter bruce lee biji in minnal murali