national news
ക്ലാസ് മുറിയിൽ വെച്ച് പ്രൊഫസർ വിദ്യാർത്ഥിയെ വിവാഹം കഴിച്ചു; വീഡിയോ വൈറൽ ആയി, അന്വേഷണത്തിന് ഉത്തരവിട്ട് സർവ്വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 30, 02:37 am
Thursday, 30th January 2025, 8:07 am

കൊൽക്കത്ത: ക്ലാസ് മുറിയിൽ വെച്ച് തന്റെ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് പ്രൊഫസർ. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലാണ് സംഭവം. ക്ലാസ് മുറിയിൽ വെച്ച് ഒരു മുതിർന്ന വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി സർവകലാശാല അധികൃതർ അറിയിച്ചു.

നാദിയ ജില്ലയിലെ ഹരിംഗട്ടയിലുള്ള മൗലാന അബുൽ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ (മകൗട്ട്) സൈക്കോളജി വിഭാഗത്തിലാണ് സംഭവം. സംഭവം വൈറൽ ആയതോടെ ഇത് തൻ്റെ ക്ലാസിൻ്റെ ഭാഗമായി നടന്ന ഒരു നാടകമാണെന്ന് പ്രൊഫസർ അവകാശപ്പെട്ടു.

മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയ പ്രൊഫസറും ഒന്നാം വർഷ വിദ്യാർത്ഥിയും വിവാഹം കഴിക്കുന്നത് വീഡിയോയിൽ കാണാം. ഒരു ഹിന്ദു ബംഗാളി വിവാഹത്തിൻ്റെ വിവിധ ആചാരങ്ങളായ ‘സിന്ദൂര് ദാൻ’, ‘മാല ബോഡോൾ’ എന്നിവ ക്ലാസ് മുറിയിൽ നടത്തുന്നത് വീഡിയോകളിൽ കാണാം. വീഡിയോകൾ വൈറലായതോടെ വൻ വിമർശനം ഉയർന്നു.

തുടർന്ന് സർവകലാശാല മൂന്നംഗ അന്വേഷണ സമിതി രൂപീകരിക്കുകയും പ്രൊഫസറോട് വിശദീകരണം തേടുകയും ചെയ്തു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തൻ്റെ ക്ലാസിൻ്റെ ഭാഗമാണെന്നും യഥാർത്ഥമല്ലെന്നും പ്രൊഫസർ സർവകലാശാല അധികൃതരോട് പറഞ്ഞു.

വീഡിയോകൾ ഇൻ-ഹൗസ് ഡോക്യുമെൻ്റേഷനായി എടുത്തതാണെന്നും സൈക്കോളജി ഡിപ്പാർട്ട്‌മെൻ്റിനെ അപമാനിക്കാൻ വേണ്ടി ആരോ പുറത്ത് വിട്ടതാണെന്നും അവർ അവകാശപ്പെട്ടു. എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ അവധിയിൽ പോകാൻ പ്രൊഫസറോട് അധികൃതർ ആവശ്യപ്പെട്ടു.

മറ്റ് വകുപ്പുകളിലെ മൂന്ന് വനിതാ ഫാക്കൽറ്റി അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.

‘പുറത്ത് വന്ന ദൃശ്യങ്ങൾ തൻ്റെ വിഷയത്തെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ ഭാഗമാണെന്ന് പ്രൊഫസർ വിശദീകരിച്ചു. എന്നാൽ, വിവാദങ്ങളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിൻ്റെയും പശ്ചാത്തലത്തിൽ, തൽക്കാലം അവധിയിൽ പോകാൻ ഞങ്ങൾ പ്രൊഫസറോട് ആവശ്യപ്പെട്ടു.

സമിതി അതിൻ്റെ കണ്ടെത്തലുകൾ സമർപ്പിക്കുന്നതുവരെ പ്രൊഫെസർ അവധിയിലായിരിക്കും , ‘ കോളജിന്റെ ഒഫിസിയേറ്റിങ് വൈസ് ചാൻസലർ തപസ് ചക്രവർത്തി പറഞ്ഞു, അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ലാസിൽ വരരുതെന്ന് വീഡിയോയിലുള്ള വിദ്യാർത്ഥിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Female professor gets ‘married’ to student in classroom; viral video triggers varsity probe